കാണിയെയും കണ്ണിയാക്കുന്നു, വാല്‍ഡെയുടെ ജീവിക്കുന്ന ശില്‍പങ്ങള്‍

200

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയില്‍ മാര്‍ട്ടിന്‍ വാല്‍ഡെയുടെ ‘മള്‍ട്ടിപ്പിള്‍ ചോയ്‌സ്’ എന്ന പ്രതിഷ്ഠാപനത്തിലെത്തുമ്പോള്‍ നില്‍ക്കണോ പോകണോ എന്ന സംശയം സന്ദര്‍ശകനെ വേട്ടയാടുന്നു. പ്രതിഷ്ഠാപനത്തിലെ ശില്പത്തിന് പൊള്ളലേല്പിച്ച് വേദന കൂട്ടാന്‍ മാത്രമായി നില്‍ക്കണമോ അതോ തീച്ചുവപ്പിന്റെ സൗന്ദര്യക്കാഴ്ച ഉപേക്ഷിച്ചു മടങ്ങണോ? ഈ കുഴക്കുന്ന ചോദ്യം ആസ്പിന്‍വാള്‍ ഹൗസിലെത്തുന്ന ഓരോ കാഴ്ചക്കാരനും അഭിമുഖീകരിക്കുമെന്നു തീര്‍ച്ച. കൂടുതല്‍ നേരം നിന്നാല്‍ പ്രതിഷ്ഠാപനം തന്നെ ഇല്ലാതാകുന്ന ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായാലോ എന്നും ഭയം തോന്നാം.

ഓസ്ട്രിയന്‍ ശില്‍പിയായ വാല്‍ഡെയുടെ മള്‍പ്പിള്‍ ചോയ്‌സ് ഒരു മെഴുകു പ്രതിമയാണ്. പകല്‍വെളിച്ചത്തില്‍ വെറും ശൂന്യത മാത്രമായ പ്രതിമയ്ക്ക് കാഴ്ചക്കാരന്‍ ഉള്ളിലേക്കു കടന്നെത്തുമ്പോള്‍ മാത്രമാണ് ജീവന്‍ വയ്ക്കുക. ആളനക്കം തട്ടുമ്പോള്‍ പ്രതിമ പ്രകാശിക്കാന്‍ തുടങ്ങുന്നു. ഇന്‍ഫ്രാറെഡ് പ്രകാശത്തില്‍ തീവെട്ടി പോലെ ജ്വലിക്കുന്ന പ്രതിമ പതിയെ നമ്മെ അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങും.. അസഹ്യമാകുന്ന തീച്ചൂടുള്ള പ്രകാശത്തെ കൈകള്‍ കൊണ്ടു തടയുന്ന ഭാവത്തിലിരിക്കുന്ന പ്രതിമയുടെ ദുരിതം കൂട്ടാന്‍ മാത്രമായി എത്രനേരം കാഴ്ചക്കാരന് ആ മുറിയില്‍ തുടരാനാകും? തീവെളിച്ചം മെഴുകു പ്രതിമയെ ഉരുക്കി നശിപ്പിച്ചാലോ? ഓരോ കാണിയും തങ്ങുന്ന അധികനിമിഷങ്ങള്‍ മരണവേദനയാണു പ്രതിമയ്ക്കു നല്‍കുന്നത്. മടങ്ങുകയേ കാഴ്ചക്കാരനു നിര്‍വാഹമുള്ളു. കാണി മടങ്ങുമ്പോള്‍ പ്രതിഷ്ഠാപന ഇടം വീണ്ടും ഇരുട്ടു മാത്രമാകുന്നു.

സന്ദര്‍ശകര്‍ അധികമാവുകയും ഏറെ നേരം തുടരുകയും ചെയ്യുമ്പോള്‍ പ്രതിമ പ്രശ്‌നത്തിലകപ്പെടുകയാണ്. മെഴുക് ഉരുകിയാല്‍ പ്രതിമ തകരും, നമ്മുടെ സാന്നിധ്യം തന്നെ പ്രതിഷ്ഠാപനത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ. ഒരര്‍ഥത്തില്‍ വാല്‍ഡെയുടെ സൃഷ്ടി ഒരു സാമൂഹിക പരീക്ഷണം തന്നെയാകുന്നു.

കാഴ്ചക്കാരനും പ്രതിഷ്ഠാപനത്തിന്റെ പൂര്‍ണതയില്‍ പങ്കാളിയാകുന്ന അനുഭവമാണ് വാല്‍ഡെയുടെ സൃഷ്ടികളുടെ പ്രത്യേകത. അതിസൂക്ഷ്മത ഓരോ സൃഷ്ടിയുടെയും ഭാവം തന്നെയാണ്. സൃഷ്ടിയുടെ നാനാര്‍ഥങ്ങള്‍ ആസ്വാദകന്റെ ഇടപെടലുണ്ടാകുമ്പോള്‍ മാത്രമാണ് പൂര്‍ണമാകുന്നത്. കാഴ്ചക്കാരന് സ്വതന്ത്ര്യ വ്യാഖ്യാനത്തിനുള്ള അവസരവും ഇവിടെയുണ്ട്.
മെഴുകു രൂപം നിലത്തേക്ക് ഉരുകി അവസാനിച്ചോ ഇരുളില്‍ മാഞ്ഞോ എന്നു തീരുമാനിക്കേണ്ടതും കാഴ്ചക്കാരാണ്. ഒരു സുഹൃത്തിന്റെ ദുരന്താനുഭവമായിരുന്നു സൃഷ്ടിയുടെ പ്രേരണ.
പ്രതിഷ്ഠാപന രീതി പോലെ, നിര്‍മാണ വസ്തുവും അസാധ്യമായിരുന്നു. പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം മെഴുക് ഉപയോഗിച്ചാണ് നിര്‍മാണമെന്നു വാല്‍ഡെ വിവരിച്ചു. ഈ രൂപം പുനഃസൃഷ്ടിക്കാനും സാധ്യമല്ല. നാലാഴ്ചയെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അലസമായി സമീപിക്കാവുന്ന നിര്‍മാണ വസ്തു ഉപയോഗിക്കുന്നതില്‍ താല്‍പര്യമില്ലെന്നും ശില്‍പിയുടെ ഏകാഗ്രതയും സമ്മര്‍ദവും സൃഷ്ടിയുടെ മുഖഭാവങ്ങളില്‍ ദൃശ്യവുമാണെന്നും വാല്‍ഡെ പറയുന്നു.

അമൂര്‍ത്തതയുടെ വിവിധ തലങ്ങള്‍ നിര്‍വചിക്കുന്ന ഇണക്കുകണ്ണികള്‍ തന്റെ സൃഷ്ടിയുടെ പ്രത്യേകതയാണെന്ന് വാല്‍ഡെ. ഭിന്നാത്മക നിര്‍മിതിയായ ലോകവുമായി കാണികളില്‍ ആശയസംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നു. ബൗദ്ധികതലത്തില്‍ ഇത്തരം സാഹചര്യങ്ങളെ അതിഭൗതികം എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. കാരണം ഇത് ഏകതാനതയുടെ സൂത്രവാക്യങ്ങളെ ഒഴിവാക്കുകയും കാണികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

ചെയ്ന്‍ എന്ന ആസ്പിന്‍വാള്‍ ഹൗസില്‍ത്തന്നെയുള്ള രണ്ടാം പ്രതിഷ്ഠാപനവും കാഴ്ചക്കാരനെ ചിന്തകളെ ചൂടുപിടിപ്പിക്കുന്നതാണ്. മച്ചില്‍ തൂങ്ങിക്കിടക്കുന്ന വെള്ളിച്ചങ്ങലയുടെ കണ്ണികള്‍ താഴേക്കു വരുന്തോറും ചെറുതാകുന്നു. നിലത്തു തൊടുമ്പോഴേക്കും ചെറുതായി ചെറുതായി, കാഴ്ചയ്ക്കു തന്നെ അപ്രാപ്യമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സമയവും ഊര്‍ജവും ചെലവഴിക്കാന്‍ സന്നദ്ധനാകുന്ന കാഴ്ചക്കാരന് ഏറെ അര്‍ഥതലങ്ങള്‍ പകരുന്ന പ്രതിഷ്ഠാപനമാണിത്.

മനസ്സിലേക്കു സ്വീകരിക്കുമ്പോള്‍ ഈ ചങ്ങല അനന്തമാകുന്നു. ഒരു തരത്തില്‍ കാണുമ്പോള്‍ കണ്ണികള്‍ വലുതായി വരുന്നു, മറ്റൊരു തരത്തില്‍ നോക്കിയാല്‍ ചെറുതുമാകുന്നു. ഒരേ ചങ്ങല തന്നെ അതിസൂക്ഷ്മവും അതിഭീമവുമാണ്. ആദ്യവും അന്തവുമില്ലാത്ത ചങ്ങലയാണിതെന്നും ആഗ്രഹങ്ങളും ആശയങ്ങളും അതില്‍ സംക്ഷിപ്തമായിരിക്കുന്നുവെന്നും സാവകാശം സന്ദര്‍ശകന് മനസ്സിലാകുന്നുവെന്ന് വാല്‍ഡെ പറയുന്നു.

NO COMMENTS

LEAVE A REPLY