“ജവാന്‍” ഓണക്കാലത്ത് കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ സമ്മര്‍ദം

193

കൊച്ചി: വില കുറഞ്ഞ മദ്യമായ “ജവാന്‍” ഓണക്കാലത്ത് കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ സമ്മര്‍ദം. സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍റെ ഉല്‍പാദകര്‍.
ഓണക്കാലത്ത് വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങള്‍ക്ക് കൃത്രിമക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജവാന്‍റെ ഉല്‍പാദനം കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഫാക്ടറിയുടെ ശേഷിയുടെ പരമാവധി ഉല്‍പാദനമാണ് ഇപ്പോഴുള്ളതെന്നും ഇനിയും കൂട്ടാന്‍ കഴിയില്ലെന്നും ട്രാവന്‍കൂര്‍ ഷുഗേഴ്സ് പറയുന്നു. ഇക്കാര്യം ബിവറേജസ് കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്.
ഓണക്കാലത്ത് പ്രതിദിനം 5200 കെയ്സ് ജവാന്‍ റമ്മിന്‍റെ വില്‍പ്പനയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.മറ്റു കന്പനികള്‍ വില കുറഞ്ഞ മദ്യം ലഭ്യമാക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 300 കെയ്സ് അധിക ഉല്‍പാദനമാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടത്. ബിവറേജസില്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ മദ്യമാണ് ജവാന്‍ റം. തുടര്‍ച്ചയായി അവധിദിനങ്ങള്‍ വരുന്നതുമൂലം വില കുറഞ്ഞ മദ്യത്തിന് വില്‍പ്പന വര്‍ധിക്കാനാണു സാധ്യത. വിലകുറഞ്ഞ മദ്യം ലഭ്യമല്ലാതെവന്നാല്‍ വില്‍പ്പനശാലകളില്‍ സംഘര്‍ഷത്തിനു സാധ്യതയുമുണ്ട്. ഓണക്കാലത്ത് വില കുറഞ്ഞമദ്യങ്ങള്‍ കൂടുതലായി എത്തിക്കണമെന്ന് കോര്‍പറേഷന്‍ എം.ഡി. വന്‍കിട കന്പനികള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. അതേസമയം, കുറഞ്ഞ വിലയിലുള്ള മദ്യം ബിവറേജസിലെത്താത്തത് ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്തുകളി മൂലമാണെന്ന് ആരോപണവുമുണ്ട്.

NO COMMENTS

LEAVE A REPLY