പദ്ധതികളുടെ കൃത്യമായ നിർവഹണവും മനുഷ്യാവകാശസംരക്ഷണവും തമ്മിൽ ഉറ്റ ബന്ധം: ജസ്റ്റിസ് എച്ച്.എൽ.ദത്തു

114

തിരുവനന്തപുരം : സാമൂഹിക,സാമ്പത്തിക പദ്ധതികളുടെ കൃത്യമായ നിർവഹണവും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ജനങ്ങളുടെ ക്ഷേമവും തമ്മിൽ ഉറ്റ ബന്ധമാണുള്ളതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു. റോഡ്, വെള്ളം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജീവിതനിലവാരം വർധിപ്പിക്കുന്നതിനൊപ്പം മനുഷ്യാവകാശ സംരക്ഷണത്തിലും ക്ഷേമനിർവഹണ ത്തിലും സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതുമാണ്.

പട്ടികജാതി, പട്ടികവർഗങ്ങളുടെ അവകാശങ്ങൾ ക്ഷേമപദ്ധതികളിൽ മാത്രം ചുരുങ്ങരുതെന്നും പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം, 1989 പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് അനുകൂലവും പ്രവർത്തനക്ഷമവുമായ നടപടികൾ കൂടി ഉൾക്കൊള്ളുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ക്യാമ്പ് സിറ്റിങ്ങിന്റെ ഉദ്ഘാടനം ജവഹർ സഹകരണഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടികവർഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അതിക്രമങ്ങളും സംബന്ധിച്ചാണ് സിറ്റിങ്ങ്.

പട്ടികജാതി, പട്ടികവർഗ സമൂഹത്തിലെ കുട്ടികൾ പഠിക്കുന്ന റെസിഡെൻഷ്യൽ സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഭാഗങ്ങളുടെ സാക്ഷരതയും വിദ്യാഭ്യാസവും അവർ നേരിടുന്ന മനുഷ്യാവകാശ വെല്ലുവിളികളും ഫലപ്രദമായി അഭിസംബോധന ചെയ്യപ്പെടണം. മനുഷ്യാവകാശത്തെപ്പറ്റി അവബോധം നൽകുന്നതിൽ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വ്യത്യസ്തവിഭാഗങ്ങൾക്കായി കമ്മിഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഒരു മനുഷ്യാവകാശ സംസ്‌കാരം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനാണ് കമ്മിഷന്റെ ശ്രമം. ഇതിനായി സ്‌കൂളുകളിലും സർവകലാശാല പാഠ്യപദ്ധതിയിലും മനുഷ്യാവകാശ വിദ്യാഭ്യാസം ആരംഭിക്കണം. ഇത്തരം ക്യാമ്പ് സിറ്റിങ്ങുകളും പബ്ളിക് ഹിയറിങ്ങുകളും അരികുകളിലേക്ക് തള്ളപ്പെട്ട ആളുകൾക്ക് ശബ്ദം നൽകുന്നതിനും ഉടനടി ആശ്വാസം നൽകുന്നതിനും കാരണമായിട്ടുണ്ടെന്നും ജസ്റ്റിസ് ദത്തു പറഞ്ഞു.

കമ്മിഷൻ അംഗങ്ങളായ ഡോ.ഡി.എം.മുലയ്്, ജസ്റ്റിസ് പി.സി.പന്ത്, ജ്യോതിക കൈര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ചീഫ് സെക്രട്ടറി ടോം ജോസ്, ദേശീയ മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി ജനറൽ ജയ്ദീപ് ഗോവിന്ദ്, കമ്മിഷൻ രജിസ്ട്രാർ (ലാ) സുർജിത് ഡേ, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ്് മേത്ത എന്നിവർ പങ്കെടുത്തു. തുടർന്ന് 11 മുതൽ വൈകിട്ട് അഞ്ചുവരെ ഗവ: ഗസ്റ്റ് ഹൗസിൽ കമ്മിഷന്റെ ക്യാമ്പ് സിറ്റിംഗിന്റെ ഭാഗമായ പബ്‌ളിക് ഹിയറിംഗ് നടന്നു. ഇന്ന് (നവംബർ ഒന്ന്) രാവിലെ 10 മുതൽ ഗസ്റ്റ് ഹൗസിൽ ഫുൾബെഞ്ച് സിറ്റിംഗ് നടക്കും.

NO COMMENTS