ഗർഭകാലത്തെ സൗന്ദര്യം

812

ഗർഭകാലത്തെ ഹോർമോണുകൾ ചർമത്തെ വളരെയേറെ സെൻസിറ്റീവ് ആക്കും. മുഖക്കുരു, കൊളാസ്മ (മുഖത്തുണ്ടാകുന്ന കറുപ്പു നിറം അഥവാ Pregnancy Mask), കറുത്തപാടുകൾ ഇവയെല്ലാം ഈ ഹോർമോണുകളുടെ ഫലമാണ്. ഈ കാലയളവിൽ സൗന്ദര്യവർധക വസ്തുക്കൾ അലർജിയും ഉണ്ടാക്കാം.

മുടിയുടെ പരിചരണം

അത്യാവശ്യമില്ലെങ്കിൽ ആദ്യ മൂന്നു മാസങ്ങളിൽ മ‍ുടി വെട്ടുന്നത് ഒഴിവാക്കാം. തലമുടി നന്നായി വളരുന്ന കാലമാണിത്. ഹെയർ കളറിങും നല്ലതല്ല. പ്രത്യേകിച്ച് ആദ്യമാസങ്ങളിൽ. അത്യാവശ്യമെങ്കിൽ അമോണിയ ഫ്രീ ഡൈ/വെജിറ്റബിൾ ഡൈ തലയോട്ടിയിൽ പുരളാതെ മുടിയിൽ പുരട്ടാം. അതും അലർജി ടെസ്റ്റ് നോക്കിയശേഷം മാത്രം. തലയോട്ടിയിൽ കൂടി ഡൈ ഉള്ളിൽ പോകുന്നത് കുറവാണ്. അത്യാവശ്യമെങ്കിൽ ഫ്ലാറ്റ് അയണിങ് മുടിയുടെ പ‍ുറമെ ചെയ്തു മൃദുവാക്കുക.

ഗർഭകാലത്ത് കക്ഷം, മേൽച്ചുണ്ട്, താടി, അടിവയർ ഇവിടെ‍ാക്കെ കൂടുതൽ തിളക്കത്തോടുക‍ൂടി രോമം വളരും. വളരെ മൃദുവായി ഷേവിങ്/പ്ലക്കിങ്/വാക്സിങ് എന്നിവ ചെയ്യാം. മുറിവു വന്നാൽ അണുബാധ വരും. ലേസർ, ഇലക്ട്രോലൈസിസ്, ഹെയർ റിമൂവിങ് ക്രീം, ബ്ലീച്ചിങ് ഇവ ചെയ്യരുത്.

സ്പാ ചെയ്യുന്നതു ബ്യൂട്ട‍ീഷനുമായി ആലോചിച്ചു വേണം. ഹെന്ന നാച്വറൽ ആയതുകൊണ്ട് ചെയ്യാം. പക്ഷേ, പാക്കറ്റിൽ കിട്ടുന്ന ഹെന്ന രാസവസ്തുക്കൾ ചേർന്നതായിരിക്കും. ടാറ്റ‍ു ചെയ്യരുത്. ടാറ്റു മഷി രക്തപ്രവാഹത്തിൽ കലരില്ല. എങ്കിലും ടാറ്റു ചർമത്തിൽ അണുബാധയ്ക്കു കാരണമാകും. സ്പ്ര‍േ, സെന്റുകൾ ഇവ കഴിയുന്നതും ഒഴിവാക്കുക.

ഫേഷ്യലുകൾ

ബ്ലീച്ചിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അസ്വസ്ഥത ഉണ്ടാകാത്ത ഫേഷ്യൽ ചെയ്യുക. ഗർഭകാലത്ത് മുഖം വീർത്തുവരുന്നതുകൊണ്ടു ചുളിവുകൾ അത്ര ശ്രദ്ധിക്കുന്നതല്ല. വിറ്റമിൻ എ, വിറ്റമിൻ കെ, ബിഎച്ച്എ, സാലിസില്ക് ആസിഡ് ഇവ അടങ്ങിയ ക്രീം പാടില്ല. എച്ച്എ, ഫ്രൂട്ട് ആസിഡ് എന്നിവ ചേർന്ന ആന്റി റിങ്കിൾ ക്രീം ഉപയോഗിക്കാം.

ഗർഭകാലത്ത് മുഖക്കുരു ചിലർക്ക് കൂടുതലാകും. മുഖക്കുരു ക്രീമുകൾ ഗർഭസ്ഥശിശുവിനെ ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുക, എണ്ണമയമില്ലാതെ മുഖം വൃത്തിയാക്കി വയ്ക്കുക. സ്ക്രബ് കൂടുതൽ വേണ്ട. ജെന്റിൽ ക്ലെൻ‌സർ കൊണ്ടു മുഖം കഴുകുക. എണ്ണയില്ലാത്ത മോയ്സ്ചറൈസർ ഉപയോഗിക്കാം.

പാദങ്ങൾ പരിചരിക്കാം

പെഡിക്യൂറും മാനിക്യൂറും ചെയ്യുന്നതിൽ കുഴപ്പമില്ല. നെയിൽ ബെഡിന്റെ ഭാഗത്ത് അണുബാധയ്ക്ക് സാധ്യതയുണ്ട്. നെയിൽ പോളിഷിങും ആകാം. നഖം വെട്ടി, വൃത്തിയായി സൂക്ഷിക്കണം. പെഡിക്യൂർ ചെയ്യുമ്പോൾ കണങ്കാലിന്റെ അസ്ഥിയിലും ഉപ്പൂറ്റിയിലും മസാജ് ചെയ്യാൻ പാടില്ല.

മേക്കപ്പ് ചെയ്യുമ്പോൾ

ഫൗണ്ടേഷൻ ഉപയോഗിക്കാം സ്കിൻടോണിനു ചേരുന്ന ഹൈപ്പർ പിഗ്മെന്റേഷനെ മറയ്ക്കുന്നവ ഉപയോഗിക്കാം. കൺസീലർ ചർമത്തിന്റെ നിറത്തെക്കാളും ഇളം നിറത്തിൽ ആയിരിക്കണം. ലിപ് ലൈനർ ലിപ്സ്റ്റിക്, ഗ്ലോസ് ഇവയും ഉപയോഗിക്കാം.