ബി.ജെ.പിയുമായി ദീര്‍ഘകാലബന്ധമാണ് ലക്ഷ്യം : തുഷാര്‍ വെള്ളാപ്പള്ളി

460

തൃശ്ശൂര്‍: ബി.ജെ.പിയുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സഖ്യം സംബന്ധിച്ച്‌ വെള്ളാപ്പള്ളി നടേശന്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഭാഷയിലാണെന്നും തുഷാര്‍ വ്യക്തമാക്കി. ബി.ഡി.ജെ.എസ് നേതൃയോഗത്തിലാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ബി.ഡി.ജെ.എസിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബി.ജെ.പി നേതാക്കളെ ക്ഷണിക്കുമെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ഉദ്ഘാടകനാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും തുഷാര്‍ പറഞ്ഞു.കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവരെ സമ്മേളനത്തിലേക്ക് ക്ഷണിക്കാനും ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി, ബി.ഡി.ജെ.എസിനു ചില സ്ഥാനങ്ങള്‍ നല്‍കുമെന്നു പറഞ്ഞിട്ടും ഇതു വരെ ഒന്നും നടന്നില്ലെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശനിയാഴ്ച പറഞ്ഞത്. ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനായ അമിത് ഷായോടും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും വ്യക്തമായ ഒരു നടപടിയും ഇതു വരെ ഉണ്ടായിട്ടില്ല, ഇക്കാര്യത്തില്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് ആശങ്കയും പരാതിയും ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. ബി.ജെ.പിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി കൗണ്‍സിലിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലേക്ക് ലഭിച്ച ക്ഷണം വെള്ളാപ്പള്ളി നടേശന്‍ നിരസിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് അങ്ങിനെ പരാതിയൊന്നും ഇല്ലെന്നും ബി.ജെ.പിയുമായി നല്ല ബന്ധമാണുള്ളതെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് പ്രതികരിച്ചിരുന്നു. ഇതേപ്പറ്റിയുള്ള വിശദാകരണമാണ് ഇന്ന് നേതൃയോഗത്തില്‍ തുഷാര്‍ അംഗങ്ങളോട് വിശദീകരിച്ചത്. അതേസമയം കോഴിക്കോട് നടക്കുന്ന ബി.ജെ.പി കൗണ്‍സില്‍ യോഗത്തില്‍ സഖ്യകഷികള്‍ക്ക് നല്‍കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്പൈസസ്ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ് സ്ഥാനങ്ങള്‍ ബി.ഡി.ജെ.എസിന് നല്‍കാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY