ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് ഫീസ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇരട്ടിയാക്കി

213

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് ഫീസ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇരട്ടിയാക്കി. നിലവില്‍ ഏഴ് ലക്ഷം രൂപ വീതമാണ് അവസാന ഇലവനിലുള്ള കളിക്കാര്‍ക്ക് ഓരോ ടെസ്റ്റിലും ലഭിക്കുന്നത്. ഇത് പതിനഞ്ചു ലക്ഷമാക്കി ഉയര്‍ത്തനാണ് തീരുമാനം. റിസര്‍വ് ബെഞ്ച് താരങ്ങളുടെ ഫീസും ഇരട്ടിയാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഇനിമുതല്‍ ഏഴു ലക്ഷം വീതം ലഭിക്കും.ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ട്വന്റി-20യിലും മറ്റും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നിരിക്കെ ടെസ്റ്റിനെയും കളിക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ നീക്കം.പുതിയ തലമുറയിലെ താരങ്ങള്‍ ട്വന്റി-20 ക്രിക്കറ്റിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ താല്‍പര്യം ടെസ്റ്റിലും സജീവമായി നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് അതിനനുസരിച്ച്‌ വരുമാനം നല്‍കേണ്ടതുണ്ട് -ബിസിസിഐ സെക്രട്ടറി വിശദീകരിച്ചു.വെള്ളിയാഴ്ച നടന്ന ബിസിസിഐയുടെ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. എന്നാല്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതു വരെ 2016-17 കാലഘട്ടത്തിലെ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ലോധ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി ഫീസ് വര്‍ധന തീരുമാനം റദ്ദാക്കുമോ എന്ന കാര്യം വ്യക്തമല്ല.