ബാങ്കിംഗ് സുരക്ഷയെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുമ്പോഴും നീതികിട്ടാതെ വെടിയേറ്റു മരിച്ച ബാങ്ക് ജീവനക്കാരിയുടെ കുടുംബം

210

തലശ്ശേരി: വൻതുക കൈകാര്യം ചെയ്യുന്ന ബാങ്കുകൾ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കേണ്ട സുരക്ഷയെക്കുറിച്ച് ചര്‍ച്ചകൾ സജീവമാകുമ്പോൾ, തലശേരിയിൽ ബാങ്കിൽ വെച്ച് വെടിയേറ്റ് മരിച്ച വിൽന വിനോദിന്‍റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്. നഷ്ടപരിഹാരമാവശ്യപ്പെട്ട് കുടുംബം നൽകിയ കേസിൽ, വിൽന തങ്ങളുടെ ജീവനക്കാരിയല്ലെന്നും, മരണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് ബാങ്ക് നിലപാടറിയിച്ചിരിക്കുന്നത്. മരണത്തിൽ തങ്ങൾക്കുള്ള സംശയം കേൾക്കാൻ പോലും പൊലീസടക്കം ആരും തയാറാവുന്നില്ലെന്നും വിൽനയുടെ ഭര്‍ത്താവ് സംഗീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജൂൺ രണ്ടാം തിയതിയാണ് സെക്യൂരിറ്റി ജിവനക്കാരൻ കൈയിലിരുന്ന തോക്ക് വൃത്തിയാക്കി ഉണ്ട നിറക്കുന്നതിനിടെ വെടിയേറ്റ് ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന വിൽനയുടെ ദാരുണാന്ത്യം. വെടിയേറ്റ് തലയോട്ടി ചിതറിയ സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഫോറൻസിക് റിപ്പോര്‍ട്ടും പിന്നാലെ വന്നു. സെക്യൂരിറ്റി ഉപയോഗിക്കുന്ന തോക്ക് ഉണ്ട നിറക്കുമ്പോഴും മറ്റും ആകാശത്തേക്കോ തറയിലേക്കോ ആണ് ചൂണ്ടിപ്പിടിക്കേണ്ടതെന്നും, ഒരുതരത്തിലും ആളുകളുടെ നേരെ പിടിക്കരുതെന്നും കര്‍ശന ചട്ടമിരിക്കെ, എങ്ങനെ ജീവനക്കാരിയായ വിൽനക്ക് വെടിയേറ്റതെന്നായിരുന്നു പ്രധാന സംശയം.
ഇതൊക്കെ ചൂണ്ടിക്കാണിച്ച് നൽകിയ കേസിലാണ് വിൽനയും, സെക്യൂരിറ്റി ഗാര്‍ഡ് ഹരീന്ദ്രനും ബാങ്ക് ജീവനക്കാരല്ലെന്നും ഏജൻസി വഴി നിയമിച്ചവരാണെന്നുമുള്ള ബാങ്കിന്റെ മറുപടി. ഇതിനാൽ നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും ആദ്യം ഒത്തുതീര്‍പ്പിന് ശ്രമിച്ച ഐഡിബിഐ ബാങ്ക് പിന്നീട് കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു.
സംഭവത്തിൽ ദുരൂഹത നീക്കാൻ ടെസ്റ്റ് ഫയറിങ് നടത്താനുള്ള നടപടികളും നീണ്ട് പോവുകയാണ്. കേസിൽ ദിവസങ്ങൾക്കകം ജാമ്യത്തിലിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് പോലും മാനുഷികമായ സമീപനമുണ്ടായില്ല. ഇതിനാൽ തന്നെ സമീപകാല സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ജീവനക്കാരടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാങ്കുകളുടെ ബാധ്യത ചൂണ്ടിക്കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് കുടുംബം. കോടതിക്ക് പുറത്ത് വെച്ച് കുടുംബങ്ങൾക്ക് പണം നൽകി കേസ് തീര്‍ക്കാനുള്ള ശ്രമങ്ങൾക്ക് കുടുംബം ഇതുവരെ വഴങ്ങിയിട്ടില്ല.

NO COMMENTS

LEAVE A REPLY