യുഎസും യൂറോപ്പും നരേന്ദ്ര മോദിക്കൊപ്പം പങ്കുചേരണം: ബലൂച് നേതാവ്

178

വാഷിങ്ടൺ ∙ ബലൂചിസ്ഥാനിൽ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസും യൂറോപ്പും പങ്കുചേരണമെന്നു ബലൂച് നേതാക്കൾ. 68 വർഷമായി പാക്കിസ്ഥാൻ ഇവിടെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇരുവരും മോദിക്കൊപ്പം ചേരുമെന്നു പ്രതീക്ഷിക്കുന്നതായും ബലൂച് നാഷനൽ മൂവ്മെന്റ് ചെയർമാൻ ഖാലിൽ ബലൂച് പറഞ്ഞു.

മത തീവ്രവാദത്തെ നയമായി ഉപയോഗിക്കുന്ന പാക്കിസ്ഥാന്റെ പ്രവൃത്തി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ലോകം മനസ്സിലാക്കണം. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. എന്നാൽ ഫലപ്രദമായി നേരിടാനാകും. ബലൂചിസ്ഥാനെക്കുറിച്ചുള്ള മോദിയുടെ പരാമർശം ശുഭപ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ബലൂചിസ്ഥാനെക്കുറിച്ചും പാക്ക് അധീന കശ്മീരിനെക്കുറിച്ചും മോദി പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ പരാമർശത്തെ അനുകൂലിച്ച് ബലൂച് നേതാക്കൾ രംഗത്തെത്തി. നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ പ്രചോദനമേകുന്നവയാണെന്നും അദ്ദേഹത്തിനു ‍താൻ നന്ദി പറയുന്നതായും ബലൂച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപക നേതാവ് ബ്രഹുംദാഹ് ബുഗ്തി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY