കെ.ബാബുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ പിടിച്ചെടുത്തു

390

കൊച്ചി: അനധികൃത സ്വത്തുസമ്ബാദനത്തിന് മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കേസ്. കെ.ബാബു അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസ്. കുമ്ബളം സ്വദേശി ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരാണ് മറ്റു പ്രതികള്‍. മന്ത്രിപദവി ദുരുപയോഗം ചെയത് ബെനാമി ഇടപാടുകളിലൂടെ നേട്ടമുണ്ടാക്കിയെന്നും വീട് ആഡംബരമായി മോടിപിടിപ്പിച്ചുവെന്നും ബാബുവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.കെ.ബാബുവിന്റെയും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ ആരംഭിച്ച വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് റെയ്ഡ്.കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപയും ബെനാമിയെന്ന് എഫ്‌ഐആറില്‍ പറയുന്ന ബേക്കറിയുടമ മോഹനന്റെ വീട്ടില്‍ നിന്ന് ആറരലക്ഷം രൂപയും പിടിച്ചെടുത്തു.
അതേസമയം ഇത് അനധികൃത സ്വത്താണോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിയിലും തൊടുപുഴയിലുമായി ഏഴിടങ്ങളില്‍ പുലര്‍ച്ചെയാണ് പരിശോധന തുടങ്ങിയത്. ബാബുവിനെതിരായ എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍
എറണാകുളത്തും കേരളത്തിനുപുറത്തും ബെനാമി സ്വത്തുക്കള്‍. ഭൂമി വാങ്ങിയത് ബെനാമിയായ ബാബുറാമിന്റെ പേരില്‍. തൃപ്പൂണിത്തുറ റോയല്‍ ബേക്കേഴ്സ് ഉടമ മോഹനനുമായും ഇടപാടുകള്‍. ഇവര്‍ക്ക് ബിഎംഡബ്ല്യു, ബെന്‍സ് അടക്കം വാഹനങ്ങള്‍. ആശുപത്രി, സ്റ്റീല്‍ കമ്ബനി എന്നിവയിലും പങ്കാളിത്തം. തേനിയില്‍ 120 ഏക്കര്‍ തോട്ടം, പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായും ബന്ധം. മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷം മുടക്കി വാങ്ങിയ കാര്‍ ബാര്‍ കോഴ അന്വേഷണം തുടങ്ങിയ ശേഷം വിറ്റു.
ബാര്‍ ബീയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടലുടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ റെയ്ഡ്.

NO COMMENTS

LEAVE A REPLY