നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്‍റെ വഴി തേടുമെന്ന് കെ. ബാബു

267

കൊച്ചി: നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി തേടുമെന്ന് മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നതിന് മുമ്ബായി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മനഃപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണസംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം.സ്വാഭാവികമായ കാലതാമസം മാത്രമാണത്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്റെ ഇരയാണ് താന്‍. ബാര്‍ കേസുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും തനിക്ക് പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടായതായി കാണിച്ച്‌ വ്യവസായി വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കെ. ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ത്വരിത പരിശോധനയില്‍ കെ. ബാബു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച 11 മണിക്ക് എറണാകുളം വിജിലന്‍സ് ആസ്ഥാനത്ത് ഹാജരാകാനാണ് ബാബുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ഹാജരാകാനായിരുന്നു ആദ്യം നിര്‍ദ്ദേശം. എന്നാല്‍ ബാബു അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് അത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ മൂന്ന് മാസമായി അന്വേഷണം നടന്നുവരികയാണ്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 100 കോടി രൂപയുടെ അഴിമതി നടന്നതായാണ് വിജിലന്‍സ് പറയുന്നത്.

NO COMMENTS

LEAVE A REPLY