ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും

263

ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും കോടതിയെ അറിയിച്ചിരുന്നു. ബാബറി മസ്ജിദ് ആക്രമണ കേസും, ഗൂഢാലോചനാ കേസും ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും. ബാബറി മസ്ജിദ് ആക്രമണത്തിന് ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പടെയുള്ളവര്‍ ഗൂഡാലോചന നടത്തിയെന്നും ഈ നേതാക്കളുടെ പങ്ക് വളരെ വലുതാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കളെ ഗൂഡാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ആ തീരുമാനം പിന്നീട് അലഹാബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. അത് ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. 25 വര്‍ഷത്തിലധികമായിട്ടും കേസില്‍ തീരുമാനം ഉണ്ടാകാത്തത് അംഗീകരിക്കാനാകില്ലെന്ന് കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ബാബറി മസ്ജിദ് ആക്രമണ കേസ് ഉത്തര്‍പ്രദേശിലെ റായ്ബറേലി കോടതിയിലും ഗൂഢാലോചന കേസ് ലക്നൗ കോടതിയിലുമാണ് നടക്കുന്നത്. രണ്ട് കേസുകളും ഒരു കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചും സുപ്രീംകോടതി തീരുമാനമെടുത്തേക്കും. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച അത് തിരിച്ചടിയാകും. അതേസമയം അയോദ്ധ്യ വിഷയം ഈ കേസിന്റെ പേരില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്‌ട്രീയമായി ഗുണവുമാണ്.

NO COMMENTS

LEAVE A REPLY