ഓട്ടോറിക്ഷാ മീറ്റർ ഫെയർ ചേഞ്ച് ചെയ്ത് റീസെറ്റ് ചെയ്യുന്നതിനുള്ള ചാർജ്ജ് പുതുക്കി നിശ്ചയിച്ചു

48

സംസ്ഥാനമൊട്ടാകെ ഓട്ടോറിക്ഷാ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് & വയർ ലഭ്യമാക്കി മുദ്ര ചെയ്യുന്നത് ക്രമീകരിച്ചു നൽകുന്നതിനുള്ള കൂലി 70 രൂപയായും പുതുക്കി നിശ്ചയിച്ചതായി ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ലൈസൻസികളുടെ സ്ഥാപനത്തിനു മുന്നിൽ ഈ നിരക്ക് പ്രദർശിപ്പിക്കുന്ന ബോർഡ് വയ്ക്കണം. പരാതികൾ ബോധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ബോർഡിൽ കാണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകൃത ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതായി ശ്രദ്ധയിൽ പ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. അംഗീകൃത ലൈസൻസികളുടെ സ്ഥാപനത്തിൽ നിന്നുള്ള ബിൽ/ രസീത് ഇല്ലാതെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഫെയർ മീറ്റർ മുദ്രവച്ചു നൽകരുത്. അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മീറ്റർ ഫെയർ ചേഞ്ച് റീസെറ്റ് ചെയ്യുന്നതിന് പല ഏജൻസികളും അമിതമായ തുക ഈടാക്കുന്നതായി പരാതി ഉയർന്നതിനെ ത്തുടർന്ന് മന്ത്രി തിരുവനന്തപുരത്തുള്ള സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെയും ലൈസൻസികളുടെ അംഗീകൃത സംഘടന കളുടെയും അടിയന്തിരയോഗം വിളിച്ചു ചേർത്തു.

യോഗത്തിൽ ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, അംഗീകൃത ലൈസൻസിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS