സഹിഷ്ണുതയുടെ പൈതൃകങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം നടക്കുന്നു: മന്ത്രി ഡോ. കെ.ടി. ജലീൽ

154

തിരുവനന്തപുരം : വർത്തമാനകാലത്ത് സഹിഷ്ണുതയുടെ പൈതൃകങ്ങളെ തമസ്‌കരിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. കേരള ചരിത്രഗവേഷണകൗൺസിലിന്റെ പ്രളയം: ചരിത്രരേഖകളും ഓർമകളും ഗവേഷണപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും തുടങ്ങിയ വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് സൗഹൃദപൂർണമായ ചരിത്രം നിലനിൽക്കുന്നു. അത് ഇപ്പോഴും പഠിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അത്തരം പൈതൃകങ്ങളെ പുതിയ തലമുറയ്ക്ക് പകരാൻ ചരിത്രഗവേഷണകൗൺസിലിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴും നമ്മളെ വേട്ടയാടുകയും ഭിതിപ്പെടുത്തുകയും ചെയ്യുന്ന ഓർമയാണ് പ്രളയം. പ്രളയത്തിനു ശേഷമുള്ള അതിജീവനത്തിന്റെ പാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാനായി രേഖപ്പെടുത്തി വയ്ക്കണം. പ്രതിജ്ഞാബദ്ധതയും ചരിത്രബോധവുമുള്ള ഒരു വലിയ കൂട്ടായ്മക്കേ ഇതിനു കഴിയൂ. ആ ദൗത്യമാണ് ചരിത്രഗവേഷണകൗൺസിൽ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിരേഖയുടെ പ്രകാശനം മന്ത്രി ഡോ.കെ.ടി.ജലീൽ ചരിത്രഗവേഷണകൗൺസിൽ മുൻ ഡയറക്ടർ ഡോ.എം.എസ്.ജയയ്ക്ക് നൽകി പ്രകാശനം ചെയ്തു.ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ സന്നിഹിതനായിരുന്നു. കെസിഎച്ച്ആർ ഡയറക്ടർ പ്രൊഫ.പി.സനൽമോഹൻ സ്വാഗതവും റിസർച്ച് ഓഫീസർ ഡോ. റേച്ചൽ വർഗീസ് നന്ദിയും പറഞ്ഞു. ഡോ. എബി തോമസ് പദ്ധതിരേഖ അവതരിപ്പിച്ചു.

NO COMMENTS