എ.ടി.എം തട്ടിപ്പ്; പ്രതിയെ കേരളാ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

219

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍ .റൊമേനിയ സ്വദേശി മരിയോ ഗബ്രിയേല്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രി വീണ്ടും പണം പിന്‍വലിച്ച ശേഷം ഹോട്ടലിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതിയെ കേരള പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ഇന്നലെ വൈകീട്ട് ആറരയോടെ മുംബൈയിലെ എ.ടി.എം വഴി തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ചിരുന്നു. എടിഎം തട്ടിപ്പിന് ശേഷം മുംബൈയിലേക്ക് കടന്ന സംഘം സജീവമാണെന്ന് ഇതോടെ വ്യക്തമായി. പണം പിന്‍വലിച്ച ശേഷം ഹോട്ടലിലെത്തിയ മരിയോ ഗബ്രിയേലിനെ മുംബൈ പൊലീസ് കയ്യോടെ പിടികൂടി. പണം നഷ്‌ടപ്പെട്ട തിരുവനന്തപുരം സ്വദേശി അരുണ്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് മുംബൈയില്‍ അറസ്റ്റുണ്ടായത്. അറസ്റ്റിലായ മരിയോ ഗബ്രിയേലിന്‍റെ മുറിയില്‍ നിന്ന് ബാഗും മറ്റ് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെത്തിയ കേരള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങും.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടും പേരും എവിടെയുണ്ടെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. ജൂണില്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണ് തട്ടിപ്പ് സംഘം കേരളത്തിലെത്തിയത് എന്ന് നേരത്തെ വ്യക്തമായിരുന്നു. ഖത്തറില്‍ നിന്നായിരുന്നു ഇവരുടെ വരവ്. തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ വിമാനത്താവളങ്ങളിലും കൈമാറിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY