അസ്‌ലം വധക്കേസ്: വളയം സ്വദേശിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍

273

കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വധിച്ച കേസില്‍ പ്രതിയെന്ന് കരുതുന്ന വളയം സ്വദേശിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.അന്വേഷണസംഘത്തലവനായ കുറ്റ്യാടി സിഐയാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.കേസില്‍ വളയം സ്വദേശികളായ കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
അസ്ലമിനെ ആക്രമിച്ച സംഘത്തില്‍പ്പെട്ടയാളെന്ന് കരുതുന്ന യുവാവിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.ഇയാള്‍ വിദേശത്ത് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.പ്രതി രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയിട്ടുണ്ട്.വളയത്തുനിന്നുളള കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
കൊലയാളിസംഘത്തിലുണ്ടായിരുന്നവര്‍ സഞ്ചരിച്ചെന്ന് കരുതുന്ന മേഖലകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.തലശ്ശേരിപളളൂര്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു.പ്രതികളുടേതെന്ന് കരുതുന്ന ഇന്നോവ കാറില്‍ തലശ്ശേരിയിലെ ഒരു കടയില്‍ നിന്നുളള ബില്ല് കണ്ടെടുത്തിരുന്നു.ഇതിന്റെ അടിസ്ഥാത്തില്‍ കടയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.ഈ വഴിക്കും അന്വേഷണം തുടരുകയാണ്.നാദാപുരത്തെ അക്രമക്കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ ഇരുപതിലധികം അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.