പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍കട – പനച്ചമൂട്ട്കുളം കാവ് പരിപാലിക്കും

243

തിരുവനന്തപുരം : മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഹരിതവനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍ക്കട പനച്ചമൂട്ട്കുളം കാവ് പരിപാലിക്കും.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും പൂവാര്‍ ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ പരിസ്ഥിതി പരിപാലന പദ്ധതി നടപ്പാക്കുന്നത്.15 ലക്ഷം രൂപ ചെലവഴിച്ചാകും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുക.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ലോകപരിസ്ഥിതി ദിനത്തില്‍ നടന്നു.

കുളത്തിന്റെ നാലുവശത്തുമായി ബണ്ട് കോണ്‍ക്രീറ്റ് ചെയ്ത് നടപ്പാതയൊരുക്കും.കുളത്തിന് ചുറ്റും ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിക്കും.കാവിനോട് ചേര്‍ന്ന നക്ഷത്രവനം വിപുലീകരിച്ച് ഔഷധച്ചെടികള്‍ നട്ടുപരിപാലിക്കുന്നതിനും പദ്ധതി ലക്ഷ്യംവയ്ക്കുന്നു. ഈ മൂന്ന് പ്രവര്‍ത്തികള്‍ക്കുമായി ഫണ്ട് വിനിയോഗിക്കും.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അരുമാനൂര്‍കട പനച്ചമൂട്ട്കുളം കാവ് പരിപാലനം പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെയ്ക്കുന്ന പച്ചത്തുരത്ത് പദ്ധതിയ്ക്ക് ഊര്‍ജം പകരുമെന്ന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ പറഞ്ഞു.

NO COMMENTS