കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള വന്‍ സംഘം പിടിയില്‍

208

കര്‍ണാടകത്തിലെ മൈസൂരില്‍ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് പിടികൂടി. മലയാളിയായ ഉഷ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ സംഘം പതിനഞ്ച് കുട്ടികളെ ഇവര്‍ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന റാക്കറ്റിലെ ഏഴ് പേരെയാണ് മൈസൂര്‍ പൊലീസ് അറസ്റ്റിലായത്. മലയാളികളായ ഉഷ, ഭര്‍ത്താവ് ഫ്രാന്‍സിസ് എന്നിവരാണ് സംഘത്തിന്റെ നേതാക്കള്‍. ഇരുവരും മൈസൂരിലെ മണ്ഡി മൊഹല്ലക്ക് സമീപം കേസരയിലുള്ള ഒരു ക്ലിനിക് വാടകക്കെടുത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. ലാബ് ടെക്നീഷ്യനായ ഉഷ താന്‍ ഡോക്ടറാണെന്നാണ് പ്രദേശത്തുള്ളവരോട് പറഞ്ഞിരുന്നത്.. ഭിക്ഷാടകരുടെ മക്കളേയും അനാഥ കുട്ടികളേയുമാണ് പിടിയിലായ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അച്ഛനോ അമ്മയോ മാത്രമുള്ള കുട്ടികളും സംഘത്തിന്റെ കൈയിലകപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രസവ ചികിത്സക്കെത്തുന്ന ദരിദ്രരായ രക്ഷകര്‍ത്താക്കളെ പ്രലോഭിപ്പിച്ച് കുട്ടികളെ വാങ്ങുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തില്‍ കുട്ടികളെ തട്ടിയെടുത്ത ശേഷം വിദേശികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളില്ലാത്ത രക്ഷകര്‍ത്താക്കളെ കണ്ടെത്തി വന്‍തുകക്ക് വില്‍ക്കുന്നതാണ് ഉഷയുടേയും ഫ്രാന്‍സിസിന്റേയും പ്രവര്‍ത്തന രീതി. ഏപ്രില്‍ 11ന് മൈസൂര്‍ ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിനടുത്ത് നിന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് കുട്ടികളെ വില്‍ക്കുന്ന റാക്കറ്റിലേക്ക് പൊലീസിനെ എത്തിച്ചത്. ഉഷയും ഫ്രാന്‍സിസും കുട്ടികളെ വില്‍ക്കുന്നതിനായി ബന്ധപ്പെട്ടിരുന്നവരെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മൈസൂര്‍ പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY