യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷ ഇളവുചെയ്ത് നല്‍കിയ പ്രതി വീണ്ടും അറസ്റ്റില്‍

228

കൊച്ചി • യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷ ഇളവുചെയ്ത് നല്‍കിയ പ്രതി വീണ്ടും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ ഡേവിഡ് ലാലിയാണ് അറസ്റ്റിലായത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് പുലര്‍ച്ചെയാണ് ഡേവിഡ് ലാലിയെ പൊലീസ് പിടികൂടിയത്.ബിഎസ്‌എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനായ യോഹന്നാന്‍ ജോര്‍ജുകുട്ടി എന്നയാളെ ആയുധമുപയോഗിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റത്തിന് 1987 ലാണ് ഡേവിഡ് ലാലിയ്ക്കെതിരെ കേസെടുത്തത്. 1990 ജനുവരി 23ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷം തടവും 1000 രൂപ പിഴയും ശിക്ഷിച്ചു. 1991ല്‍ അഡിഷണല്‍ സെഷന്‍സ് കോടതിയും 1994 ല്‍ ഹൈക്കോടതിയും 2012ല്‍ സുപ്രീംകോടതിയും ഈ ശിക്ഷ ശരിവച്ചു.എന്നാല്‍ 2013ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ശിക്ഷയിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് ലാലി നിവേദനം നല്‍കി. തുടര്‍ന്ന് എതിര്‍പ്പുകള്‍ അവഗണിച്ച്‌ ഒരുലക്ഷം രൂപ പിഴ മാത്രമാക്കി സര്‍ക്കാര്‍ ശിക്ഷയിളവ് അനുവദിക്കുകയായിരുന്നു.
സുപ്രീംകോടതി ശിക്ഷ ശരിവച്ച കേസായിരുന്നിട്ടും പ്രതിയെ ഒരുദിവസം പോലും ജയിലില്‍ അടയ്ക്കാതെ വിട്ടയച്ച നടപടിയ്ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ഇതിനിടെ ഒളിവില്‍ പോയ ഡേവിഡ് ലാലി കൊച്ചിയിലെ ഒരു ഫ്ലാറ്റിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY