ബാലഭവന്‍ പീഡനം : വൈദീകന്‍ പിടിയില്‍

259

വയനാട്: വയനാട് മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത്. ഒളിവില്‍ പോയ വൈദീകന്‍ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്. പലസ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചിരുന്ന ഇയാള്‍ ബന്ധുവിന്റെ തോട്ടത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്. ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. സ്കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.