അരോമ തെറാപ്പി

575

aromatherapy 1

സുഗന്ധം എന്ന വാക്കിന് നമ്മളെ ആനന്ദിപ്പിക്കാന്‍ കഴിയും. എന്നാല്‍ സുഗന്ധം ഒരു ഔഷധം കൂടിയാണ് എന്നത് അതിലേറെ ആനന്ദകരമാണ്. സസ്യങ്ങളില്‍ നിന്നെടുക്കുന്ന സുഗന്ധതൈലങ്ങള്‍ ഉപയോഗിച്ച് മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്‍കുന്ന ചികില്‍സാരീതിയാണ് അരോമാതെറാപ്പി. തിരക്കും മാനസികപിരിമുറുക്കവും നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ സുരക്ഷിതമായ ഉപയോഗത്തിലൂടെ അരോമാതെറാപ്പി ഒരനുഗ്രഹമാക്കാം.
ശ്വസിക്കുന്നതിലൂടെ ഉള്ളിലേക്കെത്തുന്ന ഗന്ധത്തിന് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനും അതിലൂടെ ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നതിനും കഴിയും.യൂക്കാലിപ്റ്റസ് തൈലം മണപ്പിച്ചാല്‍ ശ്വാസതടസ്സം മാറുന്നത് നമ്മള്‍ക്കറിയാവുന്നതാണ്.
സുഗന്ധതൈലങ്ങള്‍ ശരീരത്തിനു പുറമേ പുരട്ടുന്നത് വളരെ ഗുണകരമാണ്. സിരകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. പക്ഷെ നേര്‍പ്പിച്ചു മാത്രമേ ഇത്തരം തൈലങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പുരട്ടിക്കഴിഞ്ഞാല്‍ സിരകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തൈലം ശരീരത്തിന് ഒരു ഉത്തേജകമാണ്.
സുഗന്ധതൈലങ്ങള്‍ കൂടാതെ മറ്റു പ്രകൃതിവിഭവങ്ങളും അരോമാതെറാപ്പിയില്‍ ഉപയോഗിക്കുന്നു. സസ്യഎണ്ണകള്‍, മെഴുക്, ഔഷധസസ്യങ്ങള്‍, സമുദ്രലവണങ്ങള്‍, കളിമണ്ണ് തുടങ്ങിയവയൊക്കെ ചികില്‍സക്കുപയോഗിക്കുന്നുണ്ട്. ഇവ തൈലങ്ങള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയോ രണ്ടോ അതിലധികമോ തൈലങ്ങളുടെ മിശ്രിതമായോ ഉപയോഗിക്കാം.
അംഗീകൃത വ്യാപാരികളില്‍ നിന്നു മാത്രം സുഗന്ധ തൈലങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഇരുണ്ട നിറമുള്ള ചില്ലുകുപ്പികളിലാണ് ഇവ സൂക്ഷിക്കേണ്ടത്. രോഗികളും ഗര്‍ഭിണികളും ഇതുപയോഗിക്കുന്നതിനു മുന്‍പ് വിദഗ്‌ധോപദേശം തേടേണ്ടതാണ്.
ഇനി വൈകിക്കേണ്ട. ഇന്നുതന്നെ അരോമാതെറാപ്പി ദിനചര്യയില്‍ ഉള്‍പ്പെടുത്തി ജീവിതത്തിന്റെ സൗരഭ്യം ആസ്വദിച്ചു തുടങ്ങാം.