അരവിന്ദ് കെജ്രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു സമിതി റിപ്പോര്‍ട്ട്

231

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു സമിതി റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിലും ആരോഗ്യമന്ത്രി മന്ത്രി സത്യേന്ദ്ര ജെയിന്‍റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചതിലും ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്ത് 30നാണ് ആം ആദ്മി പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ലഫ്. ഗവര്‍ണറായിരുന്ന നജീബ് ജങ്, മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി.കെ. ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയുണ്ടാക്കിയത്. ലഫ്.ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്‌രിവാള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളിലും നിയമനങ്ങളിലും ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദില്ലി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിലും ക്രമക്കേട് നടന്നതായി 100 പേജുള്ള റിപ്പോര്‍ട്ടിലുണ്ട് . അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലമാറ്റത്തേയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശകരായി നിയമനം നല്‍കിയതിലും ക്രമക്കേട് കണ്ടെത്തി. ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ചതിന് നിയമസാധുതയില്ലെന്നും ശുംഗ്ലു സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY