അരവിന്ദ് കെജ്രിവാളിനെതിരായ അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

171

ന്യുഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച കെജ്രിവാളിന്‍റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ സുപ്രീം കോടതി സംരക്ഷിക്കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകനായ രാം ജത്മലാനി ചൂണ്ടിക്കാട്ടി. എന്നാല്‍ രേഖകളില്‍ ഉള്ളതിനപ്പുറം ഒന്നും പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഒരു പൊതുപ്രവര്‍ത്തകന് രാഷ്ട്രീയക്കാരനെ ചോദ്യം ചെയ്യാന്‍ കഴിയില്ലേയെന്നും സിവില്‍, ക്രിമിനല്‍ കേസുകള്‍ ഒരുമിച്ച്‌ പരിഗണിക്കാന്‍ കഴിയില്ലെന്നും ജത്മലാനി പറഞ്ഞു. എന്നാല്‍ ഇതൊന്നും കെജ്രിവാളിന്‍റെ ഹര്‍ജിയില്‍ ബാധകമല്ലെന്നായിരുന്നു കോടതി നിലപാട്.ഡല്‍ഹി ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷനില്‍ ജെയ്റ്റ്ലി 2013 വരെ 13 വര്‍ഷത്തോളം അധ്യക്ഷനായിരുന്നുവെന്നും ഇക്കാലത്ത് വന്‍ അഴിമതി നടന്നുവെന്നും കെജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും ആരോപിച്ചിരുന്നു. കെജ്രിവാളിനും മറ്റ് അഞ്ച് നേതാക്കള്‍ക്കുമെതിരെയാണ് ജെയ്റ്റലി കോടതിയെ സമീപിച്ചത്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്റ്റ്ലിയുടെ പരാതി. ഡിഡിസിഎയിലെ ക്രമക്കേടു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുക്കാന്‍ സി.ബി.ഐയെ ഉപയോഗിച്ച്‌ തന്‍റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY