അനുശ്രീയുടെ പരാതിയില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ റസ്റ്ററന്റ് നടത്തിപ്പുകാരില്‍ നിന്ന് വിശദീകരണം തേടി

189

കട്ടന്‍ചായയും കോഫിയും പഫ്സും കഴിച്ചതിനു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ 680 രൂപ ഈടാക്കിയെന്ന സിനിമാതാരം അനുശ്രീയുടെ പരാതിയില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ റസ്റ്ററന്റ് നടത്തിപ്പുകാരില്‍ നിന്ന് വിശദീകരണം തേടി. എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച വില മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും ഇതിനു ബില്‍ നല്‍കിയിട്ടുണ്ടെന്നുമാണ് റസ്റ്ററന്റുകാരുടെ വിശദീകരണം. സംഭവത്തില്‍ കിച്ചന്‍ ലഘുഭക്ഷണശാലയ്ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു.റസ്റന്റുകാര്‍ അന്യായമായ വില ഈടാക്കിയെന്ന അനുശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരണം തേടിയത്.

നാലു പഫ്സും ഒരു കാപ്പിയും കട്ടന്‍ചായയുമാണ് കഴിച്ചതെന്നും വിലവിവരപ്പട്ടികപ്രകാരമുള്ള വില മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നുമാണ് കിച്ചന്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. കട്ടന്‍ചായയ്ക്ക് 80 രൂപയും കോഫിക്ക് 100 രൂപയും പഫ്സിന് 125 രൂപ വീതവുമാണ് ഈടാക്കിയത്. കര്‍ശനമായ വ്യവസ്ഥകളാണ് വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകളുടെ നടത്തിപ്പിന് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് എല്ലാ ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷോപ്പുകള്‍ ടെന്‍ഡറിലൂടെയാണ് മൂന്നുവര്‍ഷ കാലാവധിയില്‍ ലേലം ചെയ്യുന്നത്. ത്രീ സ്റ്റാറിനു മുകളിലുള്ള നിലവാരമാനദണ്ഡമാണ് ഭക്ഷണശാലകള്‍ പാലിക്കേണ്ടത്. നേരത്തെ റസ്റ്ററന്റ് നടത്തിയിരുന്നവര്‍ വന്‍ നഷ്ടം വന്നതിനെത്തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നഷ്ടപരിഹാരം നല്‍കി സ്വയം ഒഴിവായതിനെത്തുടര്‍ന്നാണു വീണ്ടും ടെന്‍ഡര്‍ വിളിച്ചത്. മുന്‍പരിചയം, ഗുണനിലവാരം, സേവനമികവ് തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളുണ്ട്. സുരക്ഷാമേഖലയായതിനാല്‍ ഭക്ഷണസാധനങ്ങള്‍ എക്സറേ പരിശോധന നടത്തിയ ശേഷം മാത്രമേ വില്‍പ്പനെത്തിക്കാനാകൂ.
24 മണിക്കൂറും പ്രവര്‍ത്തിക്കുകയും വേണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പുറത്തെ വിപണിയേക്കാള്‍ വില കൂടുതലാകും. ഇരിപ്പിടങ്ങളും പരിചാരകരുമുള്ള റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് വില വീണ്ടും കൂടും. അതേസമയം, സ്നാക് ബാറുകളില്‍ വില അല്‍പം കുറയും. ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പരാതി ലഭിച്ചാല്‍ അക്കാര്യം അന്വേഷിച്ച്‌ നടപടിയെടുക്കാറുണ്ട്. അനുശ്രീയും പരാതി നല്‍കിയിട്ടില്ല. ഗുണനിലവാരവും പരിശോധിക്കാന്‍ സ്ഥിരം സംവിധാനമുണ്ട്. പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ പരമാവധി വില്‍പന വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വിലയ്ക്കു മാത്രമേ വില്‍ക്കാവൂ. ഇറക്കുമതി ചെയ്യുന്ന പായ്ക്കറ്റുകളാണെങ്കില്‍ വില പ്രിന്റ് ചെയ്യണമെന്നും നിബന്ധനയുണ്ട്.

NO COMMENTS

LEAVE A REPLY