നിയമസഭയില്‍ നിരാഹാരമിരുന്ന അനൂപ് ജേക്കബിനെ ആസ്പത്രിയിലേക്ക് മാറ്റി

179

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ നിരാഹാരമിരുന്ന അനൂബ് ജേക്കബ് എംഎല്‍എയെ ആസ്പത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കാണ് മാറ്റിയത്.വളരെ ക്ഷീണിതനായ അനൂപ് ജേക്കബിനെ വീല്‍ച്ചെയറിലാണ് നിയമസഭയ്ക്ക് പുറത്തേക്ക് കൊണ്ടു വന്നത്. ഇന്ന് രാവിലെ അനൂപ് ജേക്കബടക്കം നിരാഹാരമിരിക്കുന്ന മൂന്ന് എംഎല്‍എമാരുടെ ആരോഗ്യ നില പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയിരുന്നു.
പരിശോധനയില്‍ അനൂപ് ജേക്കബിന്റെ രക്തത്തിലെ ബിലുറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കുടംബാംഗങ്ങളും യുഡിഎഫ് നേതൃത്വവും കൂടിയാലോചന നടത്തിയാണ് ഇപ്പോള്‍ ആസ്പത്രിയിലേക്ക് മാറ്റിയത്.നിരാഹാരം തുടരണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആസ്പത്രിയിലേക്ക് മാറ്റിയത്.അതേ സമയം അനൂപ് ജേക്കബിനൊപ്പം നിരാഹാരമിരുന്ന എംഎല്‍എമാരായ ഹൈബി ഈഡനും, ഷാഫി പറമ്ബിലും നിരാഹാരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ അനിശ്ചിതകാല നിരാഹാരം സമരം. നിരാഹാര സമരം ഇന്ന് നാലാം ദിവസം പിന്നിട്ടു.