കൂടെയുണ്ട് അംഗണ്‍വാടികള്‍ – ജില്ലയില്‍ മൂന്നാം ഘട്ടത്തിന് തുടക്കം

65

കാസര്‍കോട് : സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച കൂടെയുണ്ട് അംഗണ്‍വാടികള്‍ പദ്ധതിയുടെ മൂന്നാഘട്ട ത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. നവജാത ശിശു പരിചരണം എന്ന വിഷയത്തില്‍ 1348 അങ്കണവാടി പരിധിയില്‍ വരുന്ന പാലൂട്ടുന്ന അമ്മമാര്‍ക്കായാണ് ഓണ്‍ലൈന്‍ ക്ലാസ് നടന്നത്. കോവിഡ് വ്യാപന സാധ്യത മുന്നില്‍കണ്ട് മൊബൈല്‍ ഫോണിലൂടെയാണ് സാമൂഹ്യാധിഷ്ഠിത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഗുണഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴിയും ഫോണിലെ കോണ്‍ഫറന്‍സ് കോളിലൂടെയും ക്ലാസുകള്‍ നടത്തി വരുന്നു. കൂടെയുണ്ട് അങ്കണവാടികളുടെ ആദ്യ ഘട്ടത്തില്‍ കൊറോണയും ഗര്‍ഭകാലവും രണ്ടാം ഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.

ലോക്ഡൗണ്‍ കാലത്ത് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പിന്‍തുണ നല്‍കുക, പരസ്പര ചര്‍ച്ചയിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് പരിജ്ഞാനം നല്‍കുക പരാമര്‍ശ സേവനങ്ങളെക്കുറിച്ച് അറിവ് ലഭ്യമാക്കുക, ഗുണകരമായ മാതൃകകള്‍ പങ്കുവെക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യത്തിലും അംഗണ്‍വാടികള്‍ ഗുണഭോക്താക്കള്‍ക്കൊപ്പമുണ്ടാവുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജന പ്രദമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടേയും പ്രവര്‍ത്തകരു ടേയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍.

പദ്ധതിയുടെ ഭാഗമായി മുലയൂട്ടുന്ന 6505 അമ്മമാരെയും അങ്കണവാടി പ്രവര്‍ത്തകര്‍ വിളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിലവില്‍ 5000ത്തോളം അമ്മമാരെ ബന്ധപ്പെട്ടു കഴിഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി.ഡി.പി.ഒമാര്‍, എന്‍.എന്‍.എം ജീവനക്കാര്‍, ഐ.സി.ഡി.എസ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യം പദ്ധതി നടത്തിപ്പിന് ഊര്‍ജ്ജമേകിയതായി ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.

NO COMMENTS