ഗര്‍ഭിണിയുടെ വയറില്‍ ആഡിഡ് ഒഴിച്ച്‌ ഭര്‍തൃമാതാവിന്റെ ക്രൂരത

225

നെല്ലൂര്‍: സ്ത്രീ ശാക്തീകരണത്തിനായി തയ്യാറാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം സാധാരണക്കാരില്‍ ഇനിയും എത്തിക്കാനായിട്ടില്ലെന്ന് തെളിയിക്കുന്ന വാര്‍ത്ത ആന്ധ്രാപ്രദേശില്‍ നിന്നും റിപ്പോട്ട് ചെയ്യുന്നു. രണ്ടാമതും പെണ്‍കുഞ്ഞിനെയാണ് യുവതി ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്ന് മരുമകളുടെ വയറ്റില്‍ ആസിഡ് ഒഴിച്ച്‌ ഭര്‍തൃമാതാവിന്റെ ക്രൂരത. ആന്ധ്രയിലെ നെല്ലൂരിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. നെല്ലൂര്‍ സ്വദേശി ഗിരിജയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോട്ടുകള്‍. വയറ്റില്‍ 30 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.ഗിരിജ പ്രസവിക്കുന്നത് പെണ്‍കുഞ്ഞിനെയായിരിക്കുമെന്ന ജോത്സ്യന്‍ പ്രവചനമാണ് ഭര്‍തൃ മാതാവിനെ പ്രകോപിപ്പിച്ചത്.
ഗിരിജയ്ക്ക് ഒന്നര വയസുള്ള മകളുണ്ട്. രണ്ടാമത്തെ കുഞ്ഞും പെണ്ണാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഭര്‍തൃ മാതാവും സഹോദരിയും ചേര്‍ന്ന് ഗിരിജയെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചത്. അതേസമയം സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് പോലീസ് വിവരമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരിജയുടെ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍ ആസിഡ് വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് ശക്തി കൂട്ടുന്നതു കൂടിയാണ് ആന്ധ്രയില്‍ നിന്നും റിപ്പോട്ട് ചെയ്യുന്ന ഈ സംഭവം.