ലോട്ടറി ചട്ട ഭേദഗതി അസാധുവാക്കിയതിനെതിരെ അപ്പീൽ നൽകും: ധനമന്ത്രി

7

ലോട്ടറി ചട്ടത്തിലെ 24 (3), 24 (10) ചട്ടങ്ങൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തും. കോടതി വിധി മുതലെടുക്കാനുള്ള ലോട്ടറി മാഫിയയുടെ ശ്രമങ്ങളെ തടയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജി. എസ്. ടി നിയമം നടപ്പാക്കിയതിന് ശേഷം ലോട്ടറി ഒരു ചരക്കായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അതിൽ ജി. എസ്. ടി നികുതിയും ഈടാക്കുന്നുണ്ട്. എസ്. ജി. എസ്. ടി നിയമവും ചട്ടവും അനുശാസിക്കുന്ന വിധമാണോ ലോട്ടറി നടത്തിപ്പ് എന്ന് നികുതി വകുപ്പ് പരിശോധിക്കും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കൂട്ടിച്ചേർക്കപ്പെട്ട ഭാഗം മാത്രമാണ് കോടതി റദ്ദാക്കിയതെന്നും ബാക്കിയുള്ള നിയമവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമവിരുദ്ധ ഇതരസംസ്ഥാന ലോട്ടറികളുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ലോട്ടറി രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും സഹകരണം സർക്കാർ തേടിയിട്ടുണ്ട്. ലോട്ടറി മാഫിയകൾക്ക് മത്‌സരിക്കാനാവാത്ത വിധം കേരള ലോട്ടറിയെ ആകർഷകമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.