പതിനഞ്ചിലധികം കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് അൽപേഷ് ഠാക്കൂർ.

194

അഹമ്മദാബാദ്: ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ
പതിനഞ്ചിലധികം കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് അൽപേഷ് ഠാക്കൂർ.

എംഎൽഎ കൂടിയായ അൽപേഷ് ഠാക്കൂർ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.

കോൺഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയിൽ തുടരുകയാണെങ്കിൽ അടുത്ത പത്ത് വർഷം അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ജനങ്ങൾ പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. അവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഞാൻ ഉദ്ദേശിച്ചത് എന്റെ ജനത്തിന് വേണ്ടി നൽകാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് സർക്കാരിന്റെ സഹായം ആവശ്യമാണ്. കോൺഗ്രസിന്റെ 15 ലധികം എംഎൽഎമാർ ഉടൻ പാർട്ടി വിടും. കാത്തിരുന്നത് കാണാം. ഗുജറാത്തിലെ കോൺഗ്രസിന്റെ പകുതിയിലധികം എംഎൽഎമാരും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ബഹുമാനം അർഹിക്കുന്നയാളാണെന്നും അദ്ദേഹവുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും അൽപേഷ് ഠാക്കൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും തനിക്ക് നല്ല ബന്ധമുണ്ട്. രാഹുലിനേയും മോദിയേയും താരതമ്യം ചെയ്യാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി അൽപേഷ് ഠാക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അൽപേഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകൾ വരുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ രധൻപുറിൽ നിന്നാണ് അൽപേഷ് വിജയിച്ചത്.

NO COMMENTS