വികസന കുതിപ്പിനൊരുങ്ങി ആലപ്പുഴ നഗരം

182

ആലപ്പുഴ: വന്‍ വികസനക്കുതിപ്പിനൊരുങ്ങി ആലപ്പുഴ നഗരം. മൊബിലിറ്റി ഹബ്ബും പള്ളാത്തുരുത്തി ആര്യാട് കിഴക്കന്‍ ബൈപ്പാസും കനാല്‍ ശുചീകരണവുമടക്കമുള്ള വന്‍ പദ്ധതികളുടെ നിര്‍മ്മാണം നാലു മാസത്തിനകം തുടങ്ങാനാണ് തീരുമാനം.
രൂക്ഷമായ ഗതാഗതക്കുരുക്കിലും സ്ഥല പരിമിതിയിലും ഞെരുങ്ങുന്ന ആലപ്പുഴയ്ക്ക് ശാപമോക്ഷമാകുന്നു. ജല ഗതാഗതവും റോഡും റെയില്‍വേയും എല്ലാം ഒരുമിപ്പിച്ചുകൊണ്ട് ജില്ലാ കേന്ദ്രത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ജലഗതാഗത സ്റ്റേഷനും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും പരസ്പരം ബന്ധിപ്പിച്ചുള്ള ഹബ്ബ് 12 ഏക്കറിലായിരിക്കും.
മൊബിലിറ്റി ഹബ്ബ് വരുന്നതിനൊപ്പം ശവക്കോട്ടപ്പാലത്തിന്റെ ഇരുവശങ്ങളിലും പാലം നിര്‍മ്മിക്കും. പുതിയ ബോട്ടുകളായിരിക്കും പിന്നീട് സര്‍വ്വീസ് നടത്തുക. പള്ളാത്തുരുത്തി മുതല്‍ ആര്യാട് വരെയുള്ള കിഴക്കന്‍ ബൈപ്പാസാണ് മറ്റൊരു പ്രധാന പദ്ധതി. എ സി റോഡുവഴി വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ദേശീയപാതയിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ബൈപ്പാസിന്റെ പ്രത്യേകത. നഗരത്തിലെ മുഴുവന്‍ കനാലുകളും വൃത്തിയാക്കി നാല് വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും. കടല്‍വെള്ളം കയറ്റിയാണ് കനാല്‍ശുചീകരണം നടത്തുക.