30 വര്‍ഷത്തെ ഏകാധിപത്യം – സുഡാനില്‍ അല്‍ ബാഷറിനെ സൈന്യം പുറത്താക്കി.

230

ഖാത്തൂം: മുപ്പത‌് വര്‍ഷത്തോളമായി സുഡാനെ അടക്കിഭരിച്ചിരുന്ന ഒമര്‍ അല്‍ ബാഷര്‍ പടിയിറങ്ങുമ്ബോള്‍ പുതിയൊരു ജനാധിപത്യ സര്‍ക്കാരിനായുള്ള പ്രത്യാശയിലാണ‌് സുഡാനിലെ ജനങ്ങള്‍. ഏകാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷേ‌ാഭം അലയടിക്കുന്ന സുഡാനില്‍ പ്രസിഡന്റ‌് സ്ഥാനത്ത‌ുനിന്ന‌് ഒമര്‍ അല്‍ബാഷറിനെ നീക്കം ചെയ‌്തതായി സൈന്യം പ്രഖ്യാപിച്ചു. മുപ്പതുവര്‍ഷമായി പ്രസിഡന്റായ ബാഷറിനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും സുഡാന്‍ പ്രതിരോധമന്ത്രിയും പട്ടാള ജനറലുമായ ആവാദ് ഇബ്ന്‍ ഔഫ് പറഞ്ഞു.

സുഡാനില്‍ മൂന്ന‌് മാസക്കാലത്തേക്ക‌് അടിയന്തരാവസ്ഥ പ്രഖ്യാപ്പിച്ചു. ഇനിയുള്ള രണ്ടുവര്‍ഷം മിലിട്ടറി കൗണ്‍സിലിന്റെ ഭരണത്തിലാണെന്നും പ്രസ‌്താവനയില്‍ പറഞ്ഞു. പ്രക്ഷേ‌ാഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തെത്തിയപ്പോഴാണ‌് സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ബാഷറിനെതിരെയുള്ള ജനകീയ പ്രതിഷേധം ശക്തമായ സാഹച്യത്തില്‍ അദേഹത്തെയും കൂട്ടാളികളെയും രക്ഷിക്കാനുള്ള പുതിയ തന്ത്രമാണ‌് സൈന്യത്തിന്റേ‌ത‌് എന്നാണ‌് പ്രതിഷേധക്കാര്‍ പറയുന്നത‌്‌.

സുഡാനിലെ ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി 1989 ജൂണില്‍ സൈനിക അട്ടിമറിയിലൂടെയാണ‌് സൈന്യത്തിന്റെ തലവനായിരുന്ന ബാഷര്‍ അധികാരം പിടിച്ചത‌്. അന്നത്തെ പ്രധാനമന്ത്രി സാദിഖ‌് അല്‍ മഹിദി വിമതനേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന‌് ആരോപ്പിച്ചായിരുന്നു അട്ടിമറി. പിന്നിട‌് രണ്ട‌ു തവണ ബാഷര്‍ തെരഞ്ഞെടുപ്പിലൂടെ അധികാത്തിലെത്തിയെങ്കിലും വ്യാപക ക്രമക്കേടാണ‌് അരങ്ങേറിയത‌്. ബാഷറിന്റെ കാലത്ത‌് സുഡാനിലെ ജനങ്ങള്‍ക്കിടയിലെ അസമത്വം വര്‍ധിച്ചു. സുഡാനിലെ നാണയമായ സുഡാനീസ‌് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ കടുത്ത വിലക്കയറ്റത്തിലേക്ക‌് രാജ്യം നീങ്ങി.

കഴിഞ്ഞ ഡിസംബറിലാണ‌് റൊട്ടി അടക്കമുള്ള ഭക്ഷ്യവസ്‌തുക്കളുടെ വില മൂന്നിരട്ടി വര്‍ധിച്ചതില്‍ സുഡാനില്‍ പ്രതിഷേധം ശക്തമായത‌്. ജനകീയ പ്രക്ഷോ ഭം ശക്തിയാര്‍ജിച്ചപ്പോഴും സൈന്യത്തെ ഉപയോഗിച്ച‌് അട്ടിമറിക്കുകയാണ‌് ബാഷര്‍ ചെയ‌്തത‌്. സുഡാനിലെ കമ്യൂണിസ്റ്റ‌് പാര്‍ടിയുടെ നേതൃത്വത്തിലാണ‌് പ്രതിഷേധം ശക്തിപ്പെട്ടുവന്നത‌്. കമ്യൂണിസ്റ്റ‌് പാര്‍ടിയുടെ 16 നേതാക്കള്‍ പ്രക്ഷേ‌ാ‌ഭത്തിന്റെ ഭാഗമായി സുഡാനിലെ ജയിലില്‍ കഴിയുകയാണ‌്.

ഡിസംബര്‍ 19ന‌് തുടങ്ങിയ പ്രതിഷേധത്തില്‍ തലസ്ഥാന നഗരിയായ ഖാത്തൂമിലും മറ്റുനഗരങ്ങളിലുമായി നൂറുകണക്കിന‌ു പ്രതിഷേധക്കാരാണ‌് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത‌്. ക്രൂരമായ ആക്രമണങ്ങളിലുംപ്രതിഷേധക്കാര്‍ പിരിഞ്ഞ‌ുപോകാന്‍ തയ്യാറാകാതിരുന്നതോടെ ഫെബ്രുവരി 22ന‌് ബാഷര്‍ രാജ്യത്ത‌് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ സൈന്യത്തിന്റെ ആക്രമണം മറികടന്ന‌് പ്രസിഡന്റിന്റെ കൊട്ടാര വളപ്പില്‍ കയറി. വ്യാഴാഴ‌്ച അപ്രതീക്ഷിതമായി പ്രതിരോധമന്ത്രിയും പട്ടാള ജനറലുമായ ആവാദ് ഇബ്ന്‍ ഔഫിന്റെ നേതൃത്വത്തില്‍ കൊട്ടാര വളപ്പ‌് വളഞ്ഞ‌് ബാഷറിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളും സൈന്യം കൈക്കലാക്കി. എന്നാല്‍, സൈന്യത്തിന്റെ നീക്കത്തെ പാടെ തള്ളി പ്രതിഷേധവുമായി ജനം മുന്നോട്ടുപോവുകയാണ‌്. തങ്ങള്‍ക്ക‌് ജനാധിപത്യരീതിയിലുള്ള സര്‍ക്കാരാണ‌് വേണ്ടതെന്ന‌ും മുഖങ്ങള്‍മാത്രം മാറിയുള്ള ഭരണം വേണ്ടെന്നുമാണ‌് ജനങ്ങള്‍ പറയുന്നത‌്.

NO COMMENTS