കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍

162

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ചുള്ള നടിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം അജു സമർപ്പിച്ചിട്ടുണ്ട്.
ദിലീപിനെ അനുകൂലിച്ചിട്ട ഒരു പോസ്റ്റില്‍ ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പോലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്‍റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും