ഒന്നര ദിവസംകൊണ്ട് ഉലകം ചുറ്റി മടങ്ങിയെത്താനുള്ള വിമാന സര്‍വീസ് എയര്‍ഇന്ത്യ ആരംഭിക്കുന്നു

211

ഒന്നര ദിവസംകൊണ്ട് ഉലകം ചുറ്റി മടങ്ങിയെത്താനുള്ള വിമാന സര്‍വീസ് എയര്‍ഇന്ത്യ ആരംഭിക്കുന്നു. 16 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നാരംഭിച്ച്‌ പസിഫിക് മഹാസമുദ്രം കടന്ന് സാന്‍ഫ്രാന്‍സിസ്കോയിലെത്തുന്ന വിമാനം തിരികെ വടക്കന്‍ അറ്റ്ലാന്റിക് വ്യോമപാതയിലൂടെ ഡല്‍ഹിയിലെത്തും. 32 മണിക്കൂറാണ് ഒരു റൗണ്ട് ട്രിപ്പിനു പറക്കേണ്ടി വരുന്ന ഏകദേശ സമയം. ഇത് 36 മണിക്കൂര്‍ വരെ നീണ്ടേക്കാം.നിലവില്‍ എയര്‍ഇന്ത്യയ്ക്ക് ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്കോ സര്‍വീസുണ്ട്. വടക്കന്‍ അറ്റ്ലാന്റിക് വ്യോമ പാതയിലൂടെയാണ് ഈ സര്‍വീസ് മടക്കയാത്രയുള്‍പ്പെടെ നടത്തുന്നത്. 17 മണിക്കൂര്‍ കൊണ്ട് 13,900 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ സര്‍വീസ് നടത്തുന്നത്.മടക്കയാത്രയ്ക്ക് ഒരു മണിക്കൂര്‍ കുറച്ച്‌ പറന്നാല്‍ മതി. പസിഫിക് മഹാസമുദ്രത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറത്തുന്നതിന് പുതിയ നിയമം നിലവിലായതോടെയാണ് എയര്‍ഇന്ത്യ പുതിയ പാത തിരഞ്ഞെടുത്തിരിക്കുന്നത്.

പുതിയ സര്‍വീസ് ഡല്‍ഹിയില്‍നിന്നാരംഭിച്ച്‌ ബംഗ്ലദേശ്, മ്യാന്‍മര്‍, ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ വഴി പസിഫിക് മഹാസമുദ്രത്തിനു മുകളിലെത്തി സാന്‍ഫ്രാന്‍സിസ്കോയിലിറങ്ങും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അറ്റ്ലാന്റിക് വഴിയുള്ള റൂട്ട് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നോര്‍വേ, നോര്‍ത്ത് ഐസ്ലാന്‍ഡ്, ഗ്രീന്‍ലാന്‍ഡ് വഴി അറ്റ്ലാന്റിക്കിനു മുകളിലൂടെ കാനഡയിലൂടെ അമേരിക്കയിലെ സിയാറ്റിലിലെത്തും. പുതിയ റൂട്ടില്‍ റഷ്യ ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഇറങ്ങുന്നതിന് വിമാനത്താവളങ്ങളുടെ അപര്യാപ്തതയും ഭാഷാ പ്രശ്നവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പസിഫിക് സമുദ്രത്തിനു കുറുകെയുള്ള യാത്ര 14,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. വേഗത കൂടുതലുള്ള ബോയിങ് കമ്ബനിയുടെ 777-200 എല്‍ആര്‍ ഇനം വിമാനമാണ് സര്‍വീസിനുപയോഗിക്കുന്നത്. വിമാനത്തിന്റെ പറക്കല്‍ സമയം മൂന്നു മണിക്കൂര്‍ വരെ ഇതുമൂലം കുറയ്ക്കാനാകും. ഈ വിമാനം ഒരു മണിക്കൂര്‍ പറക്കുന്നതിന് 9600 ലീറ്റര്‍ ഇന്ധനമാണു വേണ്ടത്. പറക്കല്‍ സമയം ഒരു മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ വലിയ തോതില്‍ ഇന്ധനം ലാഭിക്കാനാകും.

ഭൂമി പടിഞ്ഞാറുനിന്നു കിഴക്കോട്ടു തിരിയുന്നതു മൂലം കാറ്റും ഈ ദിശയിലേക്കായതിനാല്‍ പസിഫിക് വഴിയുള്ള വിമാനത്തിന് സ്വാഭാവികമായും വേഗം കൂടും. മണിക്കൂറില്‍ 138 കിലോമീറ്റര്‍ വരെ കൂടുതല്‍ വേഗം ലഭിക്കുന്നതിന് ഇതിടയാക്കുമെന്ന് കണക്കാക്കുന്നു. 800 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന വിമാനത്തിന് ഇതുമൂലം 938 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും. 7000 ലീറ്റര്‍ വരെ ഇന്ധനം ഒരു ദിശയിലും അതുവഴി കോടിക്കണക്കിനു രൂപയും എയര്‍ഇന്ത്യയ്ക്ക് ലാഭിക്കാനാകും. അറ്റ്ലാന്റിക് വഴിയുള്ള യാത്രയില്‍ കാറ്റ് എതിര്‍ദിശയിലായതിനാല്‍ 24 കിലോമീറ്റര്‍ വരെ വേഗം കുറയാന്‍ കാരണമാകുന്നു. ഇതു മൂലം 800 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വിമാനത്തിനു ശരിക്കും 776 കിലോമീറ്റര്‍ വേഗമേ ലഭിക്കുകയുള്ളൂ.

എയര്‍ഇന്ത്യയ്ക്ക് മൂന്ന് 777-200 എല്‍ആര്‍ വിമാനങ്ങളാണ് സ്വന്തമായുള്ളത്. ഫസ്റ്റ് ക്ലാസ്സില്‍ എട്ടും ബിസിനസ് ക്ലാസ്സില്‍ 35 ഉം ഇക്കോണമിയില്‍ 135 ഉം ഉള്‍പ്പെടെ 238 സീറ്റുകളാണ് വിമാനത്തിലുണ്ടാകുക.

NO COMMENTS

LEAVE A REPLY