കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആന്ധ്ര വനത്തിലേക്ക്

199

വിശാഖപട്ടണം: 29 പേരുമായി കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിക്കുന്നു. വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയില്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.
ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലയറിലേക്കുള്ള യാത്രക്കിടെ ഈ മാസം 22ന് കാണാതായ എഎന്‍ മുപ്പത്തിരണ്ട് വ്യോമസേന വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചില ഭാഗങ്ങള്‍ വിശാഖപട്ടണത്തിനടത്ത് നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുരു റിസര്‍വ്വ് വനമേഖലയില്‍ കണ്ടതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിന്റെ ആദിവാസികളുടെ സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റിസര്‍വ്വ് വനത്തില്‍ തെരച്ചില്‍ തുടങ്ങി. സൂര്യലങ്ക വ്യോമസേനത്താവളത്തില്‍ നിന്നുള്ള വിവരത്തിന്റെ കൂടി സഹായത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നതെന്ന് വനം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ പ്രദീപ് കുമാര്‍ അറിയിച്ചു. എന്നാല്‍ വിശാഖപട്ടണത്തെ തെരച്ചില്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കാണാതായ വിമാനത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ സംഭവത്തിന് ആറ് ദിവസത്തിന് ശേഷവും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.