അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

212

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ച്‌ നേടിയ വിജയം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതായി. മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലാണ് അഭിമാന ജയത്തോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തിയത്. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത്സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ മലര്‍ത്തിയടിച്ചത്. അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണു വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ-രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനവും സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയും ബിജെപിക്കു വലിയ ആഘാതമായി.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിര്‍ത്തിവയ്ക്കേണ്ടിയുംവന്നു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. രണ്ട് എംഎല്‍മാര്‍ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്കു മാറി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി.
നാടകീയ നീക്കങ്ങളുടെ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വോട്ടെണ്ണല്‍ തുടരാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കുകയും വിജയിക്കാന്‍ ആവശ്യമായ 44 വോട്ടുകള്‍ അഹമ്മദ് പട്ടേല്‍ നേടുകയും ചെയ്തു.