ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയവരുടെ പേര് വ്യക്തമാക്കുന്ന രേഖ പുറത്ത്

217

അഗസ്റ്റവെസ്റ്റ് ലാന്റ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത്. രാഷ്‌ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയെന്ന് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന് ഇതോടെ ഉറപ്പായി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ആര്‍ക്കൊക്കെ കൈക്കൂലി നല്‍കിയെന്ന് ഇനം തിരിച്ച് വിശദമാക്കുന്ന ഡയറിക്കുറിപ്പാണ് ഇന്ന് പുറത്തുവന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ വ്യോമസേനാ മുന്‍മേധാവി എസ്.പി ത്യാഗിയെ മൂന്ന് ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പുറത്തുവരുന്നത്. ഒരു രാഷ്ട്രീയ കുടുംബത്തിന് 16 മില്യന്‍ യൂറോ (ഏകദേശം 120 കോടി രൂപ) കൈക്കൂലി നല്‍കിയെന്നാണ് പ്രധാന വെളിപ്പെടുത്തല്‍. ഏത് കുടുംബമാണെന്ന് പക്ഷേ വ്യക്തമാക്കുന്നില്ല.

ആര്‍ക്കൊക്കെ കൈക്കൂലി നല്‍കിയെന്ന് ഇനം തിരിച്ച് തന്നെ ഡയറിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളില്‍ എ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നേതാവിന് മൂന്ന് മില്യന്‍ യൂറോ (25 കോടി) നല്‍കി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകളുമുണ്ട്. പ്രതിരോധ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി (വ്യോമസേന), അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, ഡി.ജി അക്വിസിഷന്‍സ് എന്നിവര്‍ക്ക് പുറമേ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ഓ‍ഡിറ്റര്‍ ജനറലിനും വരെ നല്‍കിയ പണത്തിന്റെ കണക്കുകള്‍ ഡയറിയിലുണ്ട്. 8.4 മില്യന്‍ യൂറോയാണ് (60 കോടി)ഇവര്‍ക്ക് നല്‍കിയതായി പറയുന്നത്.

എയര്‍ഫോഴ്സ് പേയ്മെന്റ്സ് എന്ന പേരില്‍ വ്യോമസേനാ ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കിയ പണത്തിന്റെ കാര്യവും വ്യക്തമാക്കുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, പ്രോജക്ട് ഡയറക്ടര്‍, ഫീല്‍ഡ് ട്രയല്‍ ടീം, ഡി.ജി മെയിന്റനന്‍സ് എന്നിവര്‍ക്കായി ആറ് മില്യന്‍ യൂറോ (50 കോടി രൂപ) നല്‍കിയെന്നാണ് കണക്ക്. ഇന്ത്യയില്‍ ആരെയൊക്കെയാണ് സ്വാധീനിക്കേണ്ടതെന്ന് വ്യക്തമാക്കി ക്രിസ്ത്യന്‍ മിഷേല്‍ അയച്ച മറ്റൊരു ഇ-മെയില്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. മന്‍മോഹന്‍ സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം വീരപ്പമൊയ്‍ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം.കെ നാരായണന്‍, വിജയ് സിങ് എന്നിവരുടെ പേരുകളാണ് ഈ മെയിലിലുള്ളത്.

3600 കോടി ഇടപാട് 500 കോടി കൈക്കൂലിയായി നല്‍കിയെന്ന് ഇറ്റാലിയന്‍ കോടതിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ഹെലികോപ്റ്ററുകളുടെ ഇടപാടിലാണ് വന്‍തുകയുടെ അഴിമതി നടന്നെന്ന് ആരോപണമുള്ളത്.

NO COMMENTS

LEAVE A REPLY