ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് പാക്കിസ്ഥാനെ പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകം അവരുടെ ഇന്ത്യയോടുള്ള ഭയം ആണെന്ന് അഫ്ഗാനിസ്ഥാന്‍

193

ന്യൂയോര്‍ക്ക്• ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് പാക്കിസ്ഥാനെ പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകം അവരുടെ ‘ഇന്ത്യ ഫോബിയ’ (ഇന്ത്യയോടുള്ള ഭയം) ആണെന്ന് അഫ്ഗാനിസ്ഥാന്‍. അതിനുപുറമെ, പാക്ക് സൈന്യവും പൊതുജന പ്രക്ഷോഭങ്ങളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദവും അയല്‍രാജ്യങ്ങളിലുള്ള വിശ്വാസക്കുറവും ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്താന്‍ പാക്കിസ്ഥാനെ നിര്‍ബന്ധിക്കുന്നതായും അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ നശിപ്പിച്ച്‌ ഭീകരവാദത്തെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നും റബ്ബാനി ആവശ്യപ്പെട്ടു. ”പാക്കിസ്ഥാന്‍ ഭീകരവാദത്തോട് മൃദുസമീപനം പുലര്‍ത്തുന്നതിനുള്ള മൂലകാരണം ഇന്ത്യയോടുള്ള അവരുടെ ഭയമാണ്.

മാത്രമല്ല, രാജ്യത്ത് സൈന്യവും പൗരന്‍മാരും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലുള്ള വിശ്വാസക്കുറവും ഭീകരവാദത്തോട് സന്ധിചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നു” – അഫ്ഗാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഭീകരസംഘടനയായ താലിബാനെതിരെ അഫ്ഗാനിസ്ഥാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണ ലഭിക്കാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു റബ്ബാനിയുടെ പ്രതികരണം.
ഈ മൂന്നു കാരണങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാനുള്ള വിശ്വാസക്കുറവ് ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് തയാറാണെന്നും റബ്ബാനി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സര്‍വാത്മനാ പരിശ്രമിച്ചിട്ടുണ്ട്. മറ്റു രണ്ടു വിഷയങ്ങളില്‍ പരിഹാരം കാണേണ്ടത് പാക്ക് ഭരണകൂടം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY