നടന്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

56

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്‍റെ പ്രസ്താവന യ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍ വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച്‌ തെറ്റിദ്ധാരണ ജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.

ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുന്‍പും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റക്കെട്ടായ താരങ്ങള്‍ ഇവിടെയും ഈ വിഷയത്തില്‍ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ശക്തമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

125 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന അണക്കെട്ട് പരിധിയില്‍ കവിഞ്ഞ് നിറഞ്ഞാല്‍ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് മേല്‍ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ;

“വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവര്‍ത്തന ഘടനയായി നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്ബത്തികവുമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസി ക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം!”

NO COMMENTS