തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് നടപടി

172

തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് സ്വീകരിക്കേണ്ട അടിയന്തിര തുടർനടപടികൾ സംബന്ധിച്ച് തീരുമാനമായി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ലീഡിംഗ് ചാനൽ വന്നുചേരുന്ന അഴിമുഖത്തെ പുഴക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസ്സമായ മരങ്ങൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും.

തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞുകൂടിയ സാന്റ് ബാർ നീക്കംചെയ്യാൻ എല്ലാവർഷത്തേയും പോലെ ടെൻഡർ വിളിച്ചിട്ടുണ്ട്. ജൂൺ ഒന്നിനു മുമ്പ് പണി പൂർത്തിയാക്കാൻ നടപടിയെടുക്കും.

സ്പിൽവേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ വിലയേറിയ ധാതുമണൽ ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആർ.ഇ/ കെ.എം.എം.എൽ മുഖേന നടപടിക്രമങ്ങൾ പാലിച്ച് എടുത്തുമാറ്റും.

സ്പിൽവേയുടെ ഡൗൺസ്ട്രീം, അപ്‌സ്ട്രീം എന്നീ ഭാഗങ്ങളുടെ ഡ്രെഡ്ജിംഗിനും വീയ്യപുരത്തിന് സമീപം ലീഡിംഗ് ചാനലിന്റെ ആരംഭഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്ന പ്രവൃത്തിക്കും പരിശോധന നടത്തി താത്പര്യപത്രം ക്ഷണിക്കും. പ്രവൃത്തി ചെയ്യുന്നവർ സ്വന്തം ചെലവിൽ മണ്ണ് എടുത്തുകൊണ്ടുപോകുകയും ഇതുവഴി ലഭിക്കുന്ന തുക സർക്കാരിൽ അടയ്ക്കുകയും ചെയ്യണം.

ബൈപ്പാസ് കനാലുകളായ കോരക്കുഴി തോട്, കരിയാർ തോട് എന്നിവയുടെ അഴം കൂട്ടി നവീകരിക്കാൻ തുടർനടപടി സ്വീകരിക്കും. സ്പിൽവേ പൊഴുമുഖത്ത് മണൽതിട്ട രൂപംകൊള്ളാതിരിക്കാനുള്ള പുലിമുട്ടുകളുടെ നിർമ്മാണത്തെപ്പറ്റി പഠനത്തിന് ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തും.

തണ്ണീർമുക്കം ബണ്ടിലെ കോഫർ ഡാം അടിയന്തരമായി ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം പൊളിച്ചുമാറ്റി മണ്ണ് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രത്യേകം സൂക്ഷിക്കാനും തീരുമാനമായി.

ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് തീരുമാനം.

NO COMMENTS