ബെംഗളൂരുവിനു സമീപം കാറപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

229

ബെംഗളൂരു • നഗരപ്രാന്തമായ നെലമംഗലയ്ക്കു സമീപം ബുധിഹാലിലുണ്ടായ കാറപകടത്തില്‍ തുമകൂരു സിദ്ധാര്‍ഥ മെഡിക്കല്‍ കോളജിലെ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയും കോഴിക്കോട് ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് മുപ്പറ്റച്ചാലില്‍ മുഹമ്മദിന്റെ മകനുമായ മുഹമ്മദ് ആഷിഖ് (21), രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കടുത്തുരുത്തി കാരിക്കോട് കയ്യൂരിക്കല്‍ ജോയിയുടെ മകളുമായ ലിനു മരിയ ജോയി (21) എന്നിവരാണു മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12.15നു ബെംഗളൂരു-തുമകൂരു ഹൈവേയിലായിരുന്നു അപകടം. ആഷിഖ് ആണു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം എതിര്‍ദിശയിലുള്ള ലോറിയില്‍ തട്ടി കീഴ്മേല്‍ മറിഞ്ഞു.
നെലമംഗല റൂറല്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും നാട്ടിലേക്കു കൊണ്ടുപോയി. മുഹമ്മദ് ആഷിഖിന്റെ മാതാവ് ബുഷ്റ. സഹോദരങ്ങള്‍: അഷ്കര്‍, റുക്സാന. കബറടക്കം ഇന്ന് എസ്റ്റേറ്റ്മുക്ക് ചെമ്ബോച്ചിറ ജുമാ മസ്ജിദില്‍. ലിനുവിന്റെ അമ്മ ലീലാമ്മ. സഹോദരി: ലിറ്റി. സംസ്കാരം ഇന്നു മൂന്നിനു കാരിക്കോട് സെന്റ് മേരീസ് പള്ളിയില്‍.

NO COMMENTS

LEAVE A REPLY