ടാങ്കര്‍ ലോറി ദേശീയപാതയില്‍ ചാലിങ്കാലിനു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു

209

പെരിയ • ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആര്‍പി ഒായിലുമായി ( റബര്‍ പ്രോസസിങ് ഒായില്‍) മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ടാങ്കര്‍ ലോറി ദേശീയപാതയില്‍ ചാലിങ്കാലിനു സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന 24000 ലീറ്റര്‍ ഒായില്‍ റോഡില്‍ പരന്നു. ഒായില്‍ റോഡില്‍ നിന്നു നീക്കം ചെയ്യാന്‍ വൈകിയതോടെ ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.വൈകിട്ട് അഞ്ചരയോടെയാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റു. ടാങ്കറിന്റെ മൂന്ന് അറകളില്‍ ഒന്നാണ് തകര്‍ന്നത്. റോഡിനു കുറുകെ മറിഞ്ഞ ലോറിയില്‍ നിന്ന് ആര്‍പി ഒായില്‍ റോഡിലേക്ക് പൂര്‍ണമായും പരന്നു.വാഹനങ്ങളുടെ ടയറുകളുടെയും ട്യൂബുകളുടെയും നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആര്‍പി ഒായിലിന് വേഗത്തില്‍ തീപടരാന്‍ സാധ്യതയുള്ളതിനാല്‍ റോഡിന് ഇരുവശത്തുമുള്ള താമസക്കാരെ ഒഴിപ്പിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന വെള്ളം പമ്ബ് ചെയ്ത് ഒായില്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡിലേക്ക് പരന്ന ഒായിലിനു മുകളില്‍ മണല്‍ നിരത്തിയ ശേഷം നീക്കം ചെയ്യാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. റോഡിനു സമീപം വലിയ കുഴികളുണ്ടാക്കി ഒായില്‍ മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒായിലിന്റെ അംശം പൂര്‍ണായി നീക്കം ചെയ്യാനായില്ലെങ്കില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എഡിഎം കെ. അംബുജാക്ഷന്‍, ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.

NO COMMENTS

LEAVE A REPLY