അമിത വേഗത്തിൽ വന്ന ടിപ്പര്‍ ലോറിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

174

തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടത്ത് അമിത വേഗത്തിൽ വന്ന ടിപ്പര്‍ ലോറിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാരായമുട്ടം സ്വദേശികളായ ബാലു , വിപിൻ എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിക്കാരുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ മാരായമുട്ടത്ത് റോഡ് തടഞ്ഞ് പ്രതിഷേധിച്ചു.
രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബൈക്കിൽ പോകുകയായിരുന്ന ബാലുവിനേയും വിപിനെയും അമിത വേഗത്തിൽ എത്തിയ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബാലു സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ വിപിനെ തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ക്വാറിയിൽ നിന്ന് ലോഡെടുക്കാൻ അമിത വേഗത്തിൽവന്നുപോകുന്ന ടിപ്പറുകള്‍ അപകടമുണ്ടാക്കുന്നത് പ്രദേശത്ത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.കഴിഞ്ഞ ദിവസവും ടിപ്പറിൽ നിന്ന് കല്ല് തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു. ടിപ്പറുകളുടെ മരണ വേഗം നിയന്ത്രിക്കാൻ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് തടഞ്ഞു.