താലിബാന്‍ തടഞ്ഞുവെച്ച 150 ഓളം ഇന്‍ഡ്യക്കാരെ വിട്ടയച്ചു.

24

ന്യൂഡെല്‍ഹി: കാബൂള്‍ വിമാനത്തവളത്തില്‍ നിന്ന് താലിബാന്‍ തടഞ്ഞുവെച്ച 150 ഓളം ഇന്‍ഡ്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതമായി വിമാനത്തിനുള്ളില്‍ പ്രവേശിച്ചെന്നും അവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നാണ് റിപോര്‍ടുകള്‍.

വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാന്‍ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപോര്‍ടുകള്‍. ഇവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാല്‍ ഈ റിപോര്‍ടുകളെല്ലാം താലിബാന്‍ നിഷേധിച്ചിരുന്നു.ഇരുന്നൂറോളം ഇന്‍ഡ്യക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപോര്‍ടുകള്‍ വന്നിരുന്നു.

പുലര്‍ചെ താലിബാന്‍ ഇന്‍ഡ്യക്കാരെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയി. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. 85 ഓളം ഇന്‍ഡ്യക്കാരെ കാബൂളില്‍ നിന്ന് താജികിസ്താനിലേക്ക് മാറ്റിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് താലിബാന്‍ 150 ഓളം ഇന്‍ഡ്യക്കാരെ തടഞ്ഞുവെച്ചത്.

എംബസി ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ പൗരന്‍മാരെ അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്‍ഡ്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

NO COMMENTS