ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റി

181

കൊല്ലം: അഭിഭാഷകരുടെ സംഘര്‍ഷം മറയാക്കി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ ആന്റണിയെ ഇന്ന് ഹാജരാക്കാനാകില്ലെന്ന് ഇതേത്തുടര്‍ന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഈമാസം 27 ലേക്ക് മാറ്റി.
മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തി അഭിഭാഷകരുടെ പ്രക്ഷോഭം. ഹൈക്കോടതിക്ക് മുന്നിലും വഞ്ചിയൂര്‍ കോടതിയിലും അരങ്ങേറിയതിന് സമാനമായ സംഘര്‍ഷം ഇന്ന് കൊല്ലത്തും അരങ്ങേറാന്‍ ഇടയുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചത്.
പോലീസ് ഉദ്യോഗസ്ഥനെയും ഗ്രേഡ് എസ്.ഐയേയും കുത്തി പരിക്കേല്‍പ്പിച്ചശേഷം പോലീസിനെ വെട്ടിച്ച് കടന്ന ആട് ആന്റണിയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടാന്‍ കഴിഞ്ഞത്. പലപേരുകളില്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് മോഷണം നടത്തുകയായിരുന്നു ആന്റണി.