സംസ്ഥാനത്ത് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

220

തിരുവനന്തപുരം • രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് ലഭിക്കുന്നത്. തിരുവനന്തപുരത്തെ എസ്ബിഐ എടിഎമ്മുകളാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഒരു ദിവസം പരമാവധി 2,000 രൂപ പിന്‍വലിക്കാം. പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്. 19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. സോഫ്റ്റ്വെയര്‍ പരിഷ്കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്‍ക്കാലം എടിഎമ്മുകളില്‍ നിറയ്ക്കേണ്ടെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എടിഎമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ. 100 രൂപയുടെ ദൗര്‍ലഭ്യം കാരണം ഇന്നലെ ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എടിഎമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല. ഇന്നലെ എസ്ബിഐ ശാഖകളിലായിരുന്നു വന്‍തിരക്ക്.

NO COMMENTS

LEAVE A REPLY