എ.കെ.ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്

171

തിരുവനന്തപുരം: ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്. വെറും ആരോപണത്തിന്റെ പേരില്‍ മാത്രം കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലീസിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വകാര്യ ചാനല്‍ പുറത്തുവിട്ട ആരോപണം നിഷേധിച്ച മന്ത്രി ധാര്‍മികതയുടെ പേരില്‍ താന്‍ രാജിവെക്കുകയാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ച്‌ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എ.കെ.ശശീന്ദ്രനെതിരായ ലൈഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ആരോപിച്ചു. ശശീന്ദ്രന് പകരം ഉടന്‍ മന്ത്രിയെ പ്രഖ്യാപിക്കില്ലെന്നും ഭാവി കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനാണ് സാധ്യത.