15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ നാളെ കൂടി പേരു ചേര്‍ക്കാം

296

തിരുവനന്തപുരം : എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും നാളെ ( ഡിസംബര്‍ 13) കൂടെ അവസരമുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമുള്ള വോട്ടര്‍ പട്ടികയിലാണ് പേരുചേര്‍ക്കാവുന്നത്.

അപേക്ഷകള്‍ ഓണ്‍ലൈനായി www.lsgelection.kerala.gov.in ല്‍ സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫാറം4 ഉം ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫാറം ആറും സ്ഥാനമാറ്റത്തിന് ഫാറം ഏഴുമാണ് ഉപയോഗിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിന് (ഫാറം5,8) നേരിട്ട് അപേക്ഷിക്കണം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുളള യോഗ്യതാ തീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്ബോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. ഡിസംബര്‍ 21ന് പുതുക്കല്‍ പൂര്‍ത്തിയാക്കി 22ന് അന്തിമപട്ടികയുടെ സപ്ലിമെന്ററിയായി മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത് , വാര്‍ഡ് എന്ന ക്രമത്തില്‍; തിരുവനന്തപുരം-ആര്യങ്കോട്- മൈലച്ചല്‍, നഗരൂര്‍-നഗരൂര്‍, കൊല്ലം-പടിഞ്ഞാറേ കല്ലട- വിളന്തറ, നെടുവത്തൂര്‍- തെക്കുംപുറം, കൊറ്റങ്കര-മാമ്ബുഴ, കോട്ടയം- വാകത്താനം- മരങ്ങാട്, ഇടുക്കി- കൊന്നത്തടി- മുനിയറ സൗത്ത്, പാലക്കാട്- കടമ്ബഴിപ്പുറം- കോണിക്കഴി, വടക്കഞ്ചേരി- മിച്ചാരംകോട്, മലപ്പുറം- പോത്തുകല്ല്- ഞെട്ടികുളം, തിരുവാലി- എ.കെ.ജി നഗര്‍, എടയൂര്‍- തിണ്ടലം.

NO COMMENTS