തെമ്മാടികൾ – കവിത

726

ജന്മിയുടെ
കളപ്പുരയിലേക്ക്
സ്വന്തം ഭാര്യയേയും
പെങ്ങളേയും
അയക്കാത്തവർ
തെമ്മാടികൾ .

രാവന്തിയോളം
പാടത്ത് പണിയെടുത്തിട്ടും
ഒരു പിടി നെല്ലും
വാങ്ങി കൂരയിലേക്ക്
ഓടും
പശി സഹിക്കാൻ
വയ്യാതെ തളർന്നുറങ്ങുന്ന
കിടാങ്ങൾ

നെല്ല് കുത്തി
ചേറി
കഞ്ഞി വെള്ളമാക്കി
മൺപാത്രത്തിൽ
ഒഴിച്ച്
അവറ്റകളെ വിളിച്ചുണർത്തി
കൊടുക്കുന്ന
അടിയാത്തിക്ക്

അരിവാളും
ചെങ്കൊടിയും കൊടുത്ത്
പ്രതിരോധിക്കാൻ
പഠിപ്പിച്ചവർ
തെമ്മാടികൾ

പാടത്ത്
ചവിട്ടി തേച്ച
അദ്ധ്വാന മൂല്യത്തെ
വിലപേശി വിൽക്കാൻ പഠിപ്പിച്ചവർ
തെമ്മാടികൾ

സ്കൂളുകളിലും
മാനേജരെ വീട്ടിലും
വിടുവേല ചെയ്ത ഗുരുക്കന്മാർക്ക്
നട്ടെല്ല് നൽകിയവർ

അവർ
നിവർന്ന് നിന്ന്
പാഠം പഠിപ്പിച്ചപ്പോൾ
ക്ലാസിലിരുന്ന തലമുറ
തെമ്മാടികൾ

ഇതെല്ലാം
ഇപ്പോഴും നടമാടുന്ന
നാട്ടിൽ നിന്ന് വരുന്നവർ
കീഴടക്കി ഭരിച്ച വൈദേശിക
രക്തത്തിന്റെ ചൂരുള്ളവർ
നമ്മേ നോക്കി
ഗർജ്ജിക്കുന്നു

‘തെമ്മാടികൾ ‘

അതെ
ഞങ്ങൾ തെമ്മാടികൾ

NO COMMENTS