പ്രൊഫ. ബി. സുജാതാദേവി അന്തരിച്ചു

214

തിരുവനന്തപുരം : സ്വാതന്ത്ര്യസമര സേനാനിയും കവിയും ഗാന്ധിയനുമായിരുന്ന ബോധേശ്വരന്റെ മകളും പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സഹോദരിയുമായ പ്രൊഫ. ബി. സുജാതാദേവി ദിവംഗതയായി. വാർധക്യസഹജമായ അസുഖം മൂലം കുറെ നാളായി തിരുവനന്തപുരത്തെ ഉള്ളൂർ റോയൽ എസ്. യു. ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുജാതകുമാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രഗൽഭ അധ്യാപികയായിരുന്ന ഇവർ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. അവരുടെ കവിതാസമാഹാരങ്ങളും സഞ്ചാരസാഹിത്യങ്ങളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. മുൻ മന്ത്രി വി. എസ് . ശിവകുമാർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ വിനോദ് വൈശാഖി, എം. എൽ. എ. എം. വിൻസെന്റ്, ബി. ജെ. പി. ജില്ലാ അധ്യക്ഷൻ അഡ്വ. സുരേഷ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം മൂന്നുമണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. മനോരമ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീദേവി പിള്ള ചെറുമകളാണ്.

NO COMMENTS