വിമാന യാത്ര നിരക്ക് സർവകാല റെക്കോഡിൽ

219

റിയാദ് : ഗൾഫിൽ അവധിക്കാലമായതോടെ പ്രവാസികളെ ചൂഷണം ചെയ്തു വിമാനക്കമ്പനികൾ ഇത്തവണയും മുൻകാല റെക്കോഡ് തിരുത്തുന്നു. ഇന്ത്യൻ സ്‌കൂളുകൾ അടക്കം കമ്യൂണിറ്റി സ്‌കൂളുകൾ അടച്ചതോടെ കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ആരംഭിച്ചതോടെയാണ് വിമാന കമ്പനികൾ ഒരു മാനദണ്ഡവുമില്ലാതെ നിരക്ക് വർധിപ്പിച്ചത്. മൂന്നിരട്ടിയിലധികം വർധനവ് നടത്തിയാണ് പ്രവാസി സമൂഹത്തെ കൊള്ളയടിക്കുന്നത്. പെരുന്നാൾ അവധിക്കാലം മുതൽ തന്നെ അമിത ചാർജ് ഏർപ്പെടുത്തി തുടങ്ങിയിരുന്നു. ഇന്ത്യയിലെ യാത്രക്കാരിൽ ഏറ്റവും കൂടുതൽ കേരളത്തിലേക്ക് ആണെന്നിരിക്കെ നിരക്ക് വർധനവിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നതും മലയാളികൾ തന്നെ. ലെവിയും സ്വദേശിവൽക്കരണവും കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സ്‌കൂൾ അടക്കുന്നത് വരെ കാത്തിരുന്നവർക്കാണ് ഏറെ പ്രയാസപ്പെടേണ്ടി വന്നത്.

പ്രവാസ ജീവിതം മതിയാക്കി, വീടുകളിൽ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ വരെ ഫഌറ്റുകളിൽ ഉപേക്ഷിച്ചാണ് പലരും മടങ്ങിയത്. സ്‌കൂളുകൾ അടച്ച് പത്ത് ദിവസത്തിന് ശേഷമെങ്കിലും വിമാന ചാർജ് കുറയും എന്ന് കരുതിയവർക്ക് ഇരുട്ടടിയായി മാറാതെ തുടരുന്ന വർധന. മുൻ കാലങ്ങളിലെ പോലെ പല കോണുകളിൽനിന്നും നിരക്ക് വർധനക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും വിമാന കമ്പനികൾക്ക് കുലുക്കമൊന്നുമില്ല. മുഖ്യധാരാ സംഘടനകൾ പ്രതിഷേധം വഴിപാട് പ്രസ്താവനകളിൽ ഒതുക്കുകയും ചെയ്തു. അധികാരികളിൽ സമ്മർദം ചെലുത്താനൊന്നും ആരും ശ്രമിച്ചില്ല. ഗൾഫ് നാടുകളിൽ സന്ദർശനം നടത്തുന്ന നേതാക്കളിൽനിന്നാവട്ടെ പതിവു വാഗ്ദാനങ്ങൾക്ക് കുറവില്ല താനും. സ്‌കൂളുകളിലും ഉയർന്ന തസ്തികകളിലും ജോലി ചെയ്യുന്നവർ നേരത്തെ ടിക്കറ്റ് എടുത്തു വെച്ചിരുന്നു. അവരിൽ തന്നെ പലർക്കും ഇപ്രാവശ്യം ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

ചില വിമാന കമ്പനികളുടെ സർവീസുകളിൽ വന്ന മാറ്റങ്ങൾമൂലം പലരുടെയും ടിക്കറ്റ് മാറ്റി നൽകുകയും വ്യത്യാസമുള്ള തുക പിന്നീട് ഈടാക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ലെവി പിൻവലിച്ചേക്കുമെന്ന ശുഭപ്രതീക്ഷയിൽ കുടുംബത്തെ അവധിക്കാലത്ത് റീ എൻട്രിയിൽ അയക്കാനിരുന്നവർ, ലെവി മാറ്റില്ലെന്ന സർക്കാരിന്റെ ആവർത്തിച്ച പ്രസ്താവനകൾക്ക് ശേഷം ഫൈനൽ എക്‌സിറ്റിൽ വിടുകയാണ്. സോഷ്യൽ മീഡിയ വഴി ട്രോളർമാർ അടിച്ചിറക്കുന്ന കുരുക്കാത്ത നുണകൾ പ്രവാസി സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. തിരിച്ചുപോക്കിനു തയാറായി നിൽക്കുന്ന പ്രവാസി സമൂഹത്തെ ഒന്നുകൂടി വരിഞ്ഞു മുറുക്കുന്നതാണ് എയർലൈനുകളുടെ കൊള്ളയടി. ആറു മാസം മുൻപ് തന്നെ പല എയർലൈൻ കമ്പനികളുടെയും ബാക്ക് ഓഫീസുകൾ ഈ സീസണിൽ എല്ലാ സീറ്റുകളും ബ്ലോക്ക് ചെയ്തിടുക പതിവാണ്. പിന്നീട് തിരക്കനുസരിച്ചു സൈറ്റ് തുറന്നിടുകയും അങ്ങിനെ കൊള്ള ലാഭം കൊയ്യുകയും ചെയ്യുന്ന പതിവിനു ഇപ്രാവശ്യം അൽപം തിരിച്ചടി കിട്ടിയതായി ട്രാവൽ രംഗത്തുള്ളവർ പറയുന്നു. 

അവസാന സമയമായത്തോടെ ഇത്രയും ഭീമമായ തുക നൽകി യാത്ര ചെയ്യാൻ ആളെ കിട്ടാത്തത് കാരണം കേരളത്തിലേക്കടക്കമുള്ള പല സെക്ടറുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇവർ പറയുന്നു.

NO COMMENTS