യെഡിയൂരപ്പ സര്‍ക്കാര്‍ ഇന്ന്‍ വിശ്വാസ വോട്ട് തേടും

304

ബെംഗളൂരു : യെഡിയൂരപ്പ സര്‍ക്കാര്‍ ഇന്നു നാലിനു വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം സുപ്രീം കോടതി വെട്ടിച്ചുരുക്കിയിരുന്നു. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതി നടപടി. രാവിലെ 11ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന്‍ സഭാ നടപടികളുടെ തുടക്കം. വൈകിട്ടു നാലിന് മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാര്‍ട്ടി വിപ്പ് ലംഘിച്ച്‌ വോട്ട് ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ അയോഗ്യരാകും. സുരക്ഷാ ഭീഷണി മൂലം ഇന്നലെ അര്‍ധരാത്രി ബെംഗളൂരുവില്‍നിന്നു ഹൈദരാബാദിലേക്കുപോയ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു മടങ്ങിയെത്തും.

അതേസമയം സഭാനടപടികള്‍ക്കു നേതൃത്വംനല്‍കാന്‍ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഇത് ഇന്നു രാവിലെ പരിഗണിക്കും.

NO COMMENTS